കല്‍പറ്റ: അക്ഷരലോകത്തേക്കുള്ള കുരുന്നുകളുടെ കാല്‍വെപ്പ് വര്‍ണശബളമാക്കാന്‍ ജില്ലയിലെ വിവിധ സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്കൂള്‍ പ്രവേശദിനം എങ്ങനെ ആകര്‍ഷകവും മികച്ചതുമാക്കാം എന്ന ചര്‍ച്ചകളാല്‍ സജീവമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ഓരോ സ്കൂളുകളിലെ സ്റ്റാഫ് റൂമുകളും. കല്‍പറ്റ എസ്.ഡി.എം എല്‍.പി സ്കൂളില്‍ പ്രധാനാധ്യാപകന്‍ ടി.ആര്‍. ഗിരിനാഥന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഡി.എഡ് ടീച്ചേഴ്സിന്‍െറ സഹായത്തോടെ പാട്ടും കളിയുമായി ബുധനാഴ്ചത്തെ ദിനം വര്‍ണാഭമാക്കാനുള്ള തയാറെടുപ്പിലാണ്. വൃത്തിയാക്കിയ ക്ളാസ് റൂം ചുമരുകളില്‍ അക്ഷരമാലകളും അക്കങ്ങളും സ്ഥാനം പിടിച്ചുകഴിഞ്ഞു. പാട്ടും കളികളുമൊക്കെയായി ആദ്യദിനംതന്നെ കുരുന്നുകളില്‍ വിദ്യാലയത്തോട് ഇഷ്ടം ജനിപ്പിക്കുകയാണ് തങ്ങള്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് അധ്യാപകനായ വിജയകുമാര്‍ പറഞ്ഞു. പുളിയാര്‍മല ഗവ. യു.പി സ്കൂളില്‍ പ്രധാനാധ്യാപകനായ വേണു മുള്ളോട്ടിന്‍െറ വിരമിക്കല്‍ ദിനം കൂടിയാണ് ബുധനാഴ്ച. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ട വേണുമാഷിനും നവാഗതരായ കുരുന്നുകള്‍ക്കും ഈ ദിനം ഓര്‍മിക്കത്തക്കതായി മാറ്റാനുള്ള ശ്രമത്തിലാണ് സ്കൂളുടെ മറ്റു അധ്യാപകരും അനധ്യാപകരും. പ്രവേശനോത്സവത്തില്‍ പ്രധാനമായും ആദിവാസി വിദ്യാര്‍ഥികളാണ് കൂടുതലുമുള്ളത്. പരിപാടികള്‍ കൂടുതലും അവര്‍ക്ക് ആകര്‍ഷകമാക്കി തീര്‍ക്കാനാണ് തീരുമാനമെന്ന് വേണുമാഷ് പറയുന്നു. കല്‍പറ്റ എച്ച്.ഐ.എം യു.പി സ്കൂളിന് ബുധനാഴ്ച ഇരട്ട ആഘോഷങ്ങളുടെ ദിനമാണ്. പ്രവേശനോത്സവത്തോടൊപ്പം 80 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പഴക്കംചെന്ന സ്കൂള്‍ കെട്ടിടത്തില്‍നിന്നും 16 ക്ളാസ് മുറികളോടു കൂടിയ സുരക്ഷിതമായ പുതിയ കെട്ടിടത്തിലേക്ക് അധ്യയനം മാറുകയാണ്. അക്ഷരങ്ങളാല്‍ അലങ്കൃതമായ പുതിയ സ്കൂള്‍ കെട്ടിടത്തിലേക്ക് അക്ഷരത്തൊപ്പി ധരിപ്പിച്ച് നവാഗതരെ ആനയിക്കും. പ്രവേശനോത്സവത്തിന്‍െറ ഹരം ഒരുദിവസം മാത്രം ഒതുങ്ങിപ്പോകരുതെന്ന അഭിപ്രായമാണ് കല്‍പറ്റ ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകനായ അശോക് കുമാറിനുള്ളത് അതിനായി നവാഗത വിദ്യാര്‍ഥികളെ അന്താരാഷ്ട്ര പയര്‍വര്‍ഗ ദിനത്തോടനുബന്ധിച്ച് പയര്‍ വര്‍ഗങ്ങളുടെ ചിത്രങ്ങളോടുകൂടിയ ബാഡ്ജ് ധരിച്ച് സ്വീകരിക്കാനാണ് ഇവിടത്തെ യോഗ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.