ശുദ്ധജല മത്സ്യകൃഷി 250 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും

കല്‍പറ്റ: ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘മത്സ്യസമൃദ്ധി’ പദ്ധതിയിലൂടെ ജില്ലയില്‍ 250 ഹെക്ടര്‍ വിസ്തീര്‍ണത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കാന്‍ മത്സ്യകര്‍ഷക വികസന ഏജന്‍സി മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. പരിസ്ഥിതി ദിനത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്‍ ‘ഓര്‍മമരം’ പദ്ധതിയുടെ ഭാഗമായി നടക്കുന്ന വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ 250 മത്സ്യകര്‍ഷകരെ പങ്കെടുപ്പിക്കും. പുതുതായി മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കായി ജൂണ്‍ മാസം ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ ഹെല്‍പ് ഡെസ്ക്കും ജല പി.എച്ച് പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കും. അതത് ഗ്രാമപഞ്ചായത്തിലെ അക്വാകള്‍ചര്‍ കോഓഡിനേറ്റര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശുദ്ധജല മത്സ്യകൃഷിയിലെ നവീന കൃഷിരീതികള്‍ കണ്ടുപഠിക്കുന്നതിനായി തെരഞ്ഞെടുത്ത കര്‍ഷകരെ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാനും ജൂലൈ 10ലെ ദേശീയ മത്സ്യകര്‍ഷകദിനം വിപുലമായി ആചരിക്കാനും തീരുമാനിച്ചു. ജില്ലയിലെ അലങ്കാരമത്സ്യ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിപണനംനടത്താനുള്ള സൗകര്യം പൂക്കോട് തടാകത്തിലെ ഫിഷറീസ് കെട്ടിടത്തില്‍ ഒരുക്കാനും യോഗം അംഗീകാരം നല്‍കി.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ അനിലതോമസ്, വികസനകാര്യ ചെയര്‍പേഴ്സന്‍ കെ. മിനി, ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഹംസ, ലീഡ് ബാങ്ക് മാനേജര്‍ എം.വി. രവീന്ദ്രന്‍, കൃഷി അസി. ഡയറക്ടര്‍ ജെസിമോള്‍, വെറ്ററിനറി ഓഫിസര്‍ ഡോ. റീന ജോര്‍ജ്, കര്‍ഷക പ്രതിനിധികളായ കെ. ശശീന്ദ്രന്‍, പി.കെ. രാജന്‍ കബനിഗിരി, ജില്ലാ ഫിഷറീസ് ഓഫിസര്‍ ബി.കെ. സുധീര്‍ കിഷന്‍, മത്സ്യ സമൃദ്ധി നോഡല്‍ ഓഫിസര്‍ മെര്‍ലിന്‍ അലക്സ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.