ആനകളുടെ എണ്ണം വര്‍ധിച്ചു, പ്രശ്നങ്ങളും

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ ആനകളുടെ എണ്ണം വര്‍ധിച്ചതോടെ പ്രശ്നങ്ങളും രൂക്ഷമാകുന്നു. ആനകള്‍ കൃഷിയിടങ്ങളില്‍ നാശം വരുത്തുന്നതും കൃഷിക്കാരെ കൊല്ലുന്നതും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ആനകളെ വേട്ടയാടുന്നത് ഇല്ലാതാക്കുകയും വംശവര്‍ധനക്ക് ആവശ്യമായ സൗകര്യം ചെയ്തതുമാണ് വയനാടന്‍ കാടുകളില്‍ ആനകള്‍ പെരുകിയത്. 2012ലെ കണക്കനുസരിച്ച് 600 ആനകളാണ് വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രമുള്ളത്. 2012നു ശേഷം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വര്‍ധനവുണ്ടായതായാണ് വനംവകുപ്പിന്‍െറ വിലയിരുത്തല്‍. എന്നാല്‍, അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ്. രണ്ട് മാസത്തിനിടെ രണ്ട് കാട്ടാനകളെ വെടിവെച്ചു കൊന്നത് സംഘര്‍ഷത്തെ മറ്റു വഴിയിലേക്ക് തിരിച്ചുവിടുന്നു. 344 ചതുരശ്ര കി.മീറ്റര്‍ വനത്തിനുള്ളിലാണ് ഇത്രയും ആനകള്‍ അധിവസിക്കുന്നത്. ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ധനക്കാനുപാതികമായി മറ്റു മൃഗങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇതുവരെ ഇറങ്ങാത്ത നാട്ടിന്‍പുറങ്ങളിലേക്കും വന്യമൃഗങ്ങള്‍ എത്താന്‍ തുടങ്ങി. വന്യമൃഗങ്ങള്‍ നാശമുണ്ടാക്കുന്നതിന് തടയിടേണ്ട ഉത്തരവാദിത്തം വനംവകുപ്പിന്‍െറ ചുമലില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. നിലവില്‍ വനംവകുപ്പില്‍ ജില്ലയില്‍ നൂറോളം ഒഴിവുകളാണുള്ളത്. ഇത് നികത്തുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഫണ്ടിന്‍െറ അഭാവംമൂലം സംരക്ഷണ മതില്‍ നിര്‍മിക്കുന്നതിനും സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനും സാധിക്കുന്നില്ല. 76 കടുവകള്‍ ഉണ്ടായിരുന്നിട്ടും കടുവാസങ്കേതമാക്കി മാറ്റുന്നതിന് ജനങ്ങളുടെ എതിര്‍പ്പുമൂലം സാധിച്ചില്ല. വനമേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങള്‍ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഉന്നതര്‍ക്ക് നേരിട്ടും അല്ലാതെയും ബന്ധമുള്ളതിനാല്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് റിസോര്‍ട്ടുകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുന്നില്ല. പാട്ടവയലില്‍നിന്ന് പിടികൂടിയ വേട്ടക്കാര്‍ക്ക് ആനക്കൊലയുമായുള്ള ബന്ധം വരും ദിവസങ്ങളില്‍ വ്യക്തമാകും. വന്യജീവികളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരല്ലാത്ത ഒരു വിഭാഗം വനത്തിനും വന്യജീവികള്‍ക്കുമെതിരെ തിരിയുന്നത് വന്‍ വിപത്തുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.