വൈത്തിരി: പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ അസൗകര്യങ്ങളുടെയും ഇല്ലായ്മകളുടെയും നടുവില്‍ ഞെരിയുന്നു. വയനാട്ടിലെ അഞ്ച് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ (എം.ആര്‍.ആസ്) ഏറ്റവും മികച്ചതും 2008 മുതല്‍ 100 ശതമാനം വിജയം വരിക്കുന്നതുമായ സ്ഥാപനമാണിത്. പഴയ പൂക്കോട് ഡെയറി ഫാം കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്ന രണ്ടു കെട്ടിടങ്ങളില്‍ ഒന്ന് പൊളിഞ്ഞുവീഴാറായതിനെ തുടര്‍ന്ന് ക്ളാസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രധാന കെട്ടിടത്തിന്‍െറ പിറകിലുള്ള പഴകി ദ്രവിച്ച ക്ളാസ് മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഓടുകള്‍ പലതും പൊട്ടി ക്ളാസുകള്‍ ചോര്‍ന്നൊലിക്കുന്നു. ഇടുങ്ങിയ ഇടനാഴികളിലും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുകളിലുമൊക്കെയാണ് ക്ളാസ് നടക്കുന്നത്. ആറു മുതല്‍ 10 വരെയുള്ള അഞ്ച് ക്ളാസുകളിലായി 10 ഡിവിഷനുകളില്‍ വയനാട് ജില്ലക്ക് പുറത്തുള്ളവരടക്കം 300 കുട്ടികള്‍ പഠിക്കുന്നുണ്ട്. 16 അധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്നു. ഇടുങ്ങിയ മുറിയിലാണ് ഓഫിസ്. സ്റ്റാഫ് റൂമില്‍ ഒന്നിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയൊക്കെ ശുഷ്കിച്ച സ്ഥലങ്ങളില്‍ ഒപ്പിച്ചു നടത്തിക്കൊണ്ടുപോവുകയാണ്. ഈ ദുരിതങ്ങള്‍ക്കിടയിലും 2008 മുതല്‍ 100 ശതമാനം വിജയം തുടര്‍ച്ചയായി നേടിയെടുക്കാന്‍ കഴിയുന്നത് അധ്യാപകരുടെ ഒത്തൊരുമയുടെ ഫലമാണ്. സ്കൂളിന്‍െറ കക്കൂസ് മുറികള്‍ വൃത്തിഹീനമാണ്. ചളി നിറഞ്ഞ ഗ്രൗണ്ട് കണ്ടാല്‍ ഇത് സ്കൂളിന്‍െറ ഭാഗമാണെന്ന് പറഞ്ഞറിയിക്കേണ്ടി വരും. തുറസ്സായിക്കിടക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് ഒരു സുരക്ഷാഭിത്തി ഒരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇത്രയും കുട്ടികള്‍ താമസിച്ചുപഠിക്കുന്ന ഈ സ്കൂളിന് പുറത്തുനിന്നുള്ള ഭീഷണിയും വന്യമൃഗ ഭീഷണിയും നിലനില്‍ക്കുന്നു. ജില്ലാ ട്രൈബല്‍ ഓഫിസര്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ലത്രേ. കുട്ടികള്‍ക്ക് സ്കൂളില്‍നിന്ന് ഹോസ്റ്റലിലേക്ക് നടക്കാന്‍ പുറത്തെ റോഡിലൂടെ നടക്കണം. പട്ടിക വിഭാഗങ്ങള്‍ക്കായുള്ള എം.ആര്‍.എസില്‍ അഞ്ചാം ക്ളാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശപരീക്ഷ വഴിയാണ് അഡ്മിഷന്‍ കൊടുക്കുന്നത്. സംസ്ഥാനത്തിന്‍െറ വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പത്താം ക്ളാസ് പരീക്ഷക്കിരുത്തുന്നത് ഇവിടെയാണ്. സ്കൂളിനുവേണ്ടി തൊട്ടടുത്തുതന്നെ ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് വക കെട്ടിടം വരുന്നുണ്ട്. ഏകദേശം രണ്ടു കൊല്ലമായിട്ടും പണി ഇപ്പോഴും പാതിവഴിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടത്തുന്ന ഈ കെട്ടിടത്തിന്‍െറ പ്രവൃത്തി ഫണ്ട് അനുവദിക്കുന്നതില്‍ സംഭവിക്കുന്ന കാലതാമസം മൂലമാണ് ഇഴഞ്ഞുനീങ്ങുന്നത്. സമയബന്ധിതമായി ഫണ്ട് അനുവദിച്ച് കെട്ടിടംപണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചാല്‍തന്നെ പ്രയാസങ്ങളുടെ പട്ടിക മാറ്റിയെഴുതാനാവും. ഇതിന് ട്രൈബല്‍ വകുപ്പ് അധികാരികള്‍ ഈ സ്കൂളിന് നേരെ കണ്ണു തുറക്കണമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.