ചുവര്‍ചിത്രങ്ങള്‍ക്കിവിടെ രുചിക്കൂട്ടിന്‍െറ കൈപ്പുണ്യം

മാനന്തവാടി: ചുവര്‍ചിത്രകലയില്‍ വിസ്മയം തീര്‍ക്കുകയാണ് ഹോട്ടല്‍ ജീവനക്കാരനായ നിജീഷ്. എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരകയില്‍ ഹോട്ടല്‍ നടത്തുന്ന കണ്ടോത്ത് കണ്ണന്‍െറ മകന്‍ നിജീഷ് (30) അച്ഛനെ സഹായിക്കുന്നതിനിടെയാണ് പുതിയ പരീക്ഷണത്തിന് സമയം കണ്ടത്തെുന്നത്. ജലച്ചായ ചിത്രരചന നടത്തുന്നതിനിടെ ചുവര്‍ചിത്രകല പരീക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ മാഹി കലാഗ്രാമത്തിലെ കെ.ആര്‍. ബാബുവിന്‍െറ ശിക്ഷ്യത്വം സ്വീകരിക്കുകയും നാലുവര്‍ഷത്തോളം പരിശീലിക്കുകയും ചെയ്തു. ഇന്ന് 200ഓളം ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു. ക്ഷേത്രകലകളാണ് കൂടുതലായും വരക്കുന്നത്. ഇന്‍റീരിയല്‍ വര്‍ക്കും ചെയ്യുന്നുണ്ട്. അക്രിലിക് മാധ്യമമാണ് വരക്കാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനോടകം കേരള ലളിതകലാ അക്കാദമിയുടെ ഉള്‍പ്പെടെ നിരവധി ക്യാമ്പുകളില്‍ പങ്കെടുക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം നടത്താനുളള അണിയറ പ്രവര്‍ത്തനത്തിലാണ്. അതിനിടെ കേന്ദ്ര സാംസ്ക്കാരിക വകുപ്പ് അടുത്ത ആഴ്ച നാസിക്കില്‍ നടത്തുന്ന ചുവര്‍ചിത്രകലാ ക്യാമ്പിലേക്ക് നിജീഷിന് ക്ഷണം ലഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സ്വദേശി രഞ്ജിത്തിനും നിജീഷിനും മാത്രമാണ് കേരളത്തില്‍നിന്ന് ക്ഷണം ലഭിച്ചത്. അമ്മ നിര്‍മലയും സഹോദരന്‍ സുധീഷും തനിക്ക് നല്ല പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് നിജീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.