വനം മന്ത്രി അറിയാന്‍: വയനാടിന് വേണ്ടത് സ്വാഭാവിക വനവത്കരണം

കല്‍പറ്റ: വയനാടിന്‍െറ നിലനില്‍പ്പിന് സ്വാഭാവിക വനവത്കരണമാണ് വേണ്ടതെന്ന മുറവിളി ശക്തമാകുമ്പോഴും സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാറില്ല. വിവിധ ഭാഗങ്ങളില്‍ ഗ്രാമീണരായ കര്‍ഷകരെയും ആദിവാസികളെയും വന്യജീവികള്‍ വ്യാപകമായി ആക്രമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൃഷിയും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ വന്യജീവികളില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ട് സമരരംഗത്താണ്. പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ ആനകളെയും മറ്റും ഭയന്ന് കഴിഞ്ഞുകൂടുകയാണ് പലപ്രദേശത്തും ജനങ്ങള്‍. ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് വന്യജീവികള്‍ ദിനേന നശിപ്പിക്കുന്നത്. കാടുകളുടെ സ്വാഭാവികത നഷ്ടമാവുകയും അതിന്‍െറ ഫലമായി ഭക്ഷണം ലഭ്യമല്ലാതാവുകയും ചെയ്തതാണ് വന്യജീവികള്‍ നാട്ടിലിറങ്ങുന്നതിന്‍െറ പ്രധാന കാരണം. സ്വാഭാവിക വനം നശിപ്പിക്കുന്ന സമീപനം സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതിന്‍െറ ഭാഗമായാണ് ഇത്തരത്തില്‍ കാടുകള്‍ മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്തതാക്കിയത്. അതിനാല്‍ സ്വാഭാവിക വനവത്കരണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവേണ്ടതുണ്ട്. ബഹുവിധ മരങ്ങള്‍ വളരുന്ന വനങ്ങള്‍ ഏകവിളകളാക്കി മാറ്റിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. വനത്തിന്‍െറ സ്വാഭാവികത നഷ്ടപ്പെടുന്ന തരത്തില്‍ തേക്ക്, അക്കേഷ്യ തുടങ്ങിയവയുടെ തോട്ടങ്ങളായി വനത്തെ മാറ്റി. പലേടത്തും മാഞ്ചിയം കൃഷി ആരംഭിച്ചിട്ടുണ്ട്. അത് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാടിന്‍െറ ജൈവികത നശിപ്പിക്കുന്നതാണ് ഇത്തരം വനവത്കരണം. വനഭൂമി തരിശായി മാറുന്നതിന് ഇത് ഇടവെക്കുന്നു. വെള്ളം വ്യാപകമായി വറ്റുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. . കാടിനെ അതിന്‍െറ അവകാശികള്‍ക്ക് ജീവിക്കാന്‍ വിട്ടുനല്‍കിയാല്‍ മാത്രമേ അവ പുറംലോകത്തേക്ക് വരുന്നത് തടയാന്‍ സാധിക്കൂ. വ്യാപക രീതിയില്‍ വനത്തിലുള്ള ഇടപെടല്‍ അവസാനിപ്പിക്കണം. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന നിര്‍മാണങ്ങള്‍ അവസാനിപ്പിക്കണം. അംഗീകാരത്തോടെയും അല്ലാതെയുമുള്ള റിസോര്‍ട്ടുകള്‍ കാടിനെ നശിപ്പിക്കും. പേര്യ മക്കിമലയില്‍ ടൂറിസം വകുപ്പ് കാട്ടില്‍ നിര്‍മിച്ചിരിക്കുന്ന ഹട്ടുകള്‍ ഉദാഹരണം. വന്യജീവികളുടെ സ്വഭാവിക വിഹാരത്തിന് വിഘാതമുണ്ടാക്കുന്ന ഈ നിര്‍മാണങ്ങള്‍ കാട്ടുജീവികളെ അസ്വസ്ഥപ്പെടുത്തും. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ഇടങ്ങളില്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. നിലവിലെ പ്രതിരോധ സംവിധാനങ്ങള്‍ പലതും ദുര്‍ബലമാണ്. അവ തകര്‍ത്താണ് മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. ആധുനികമായ പുതിയ സംവിധാനങ്ങള്‍ കണ്ടത്തൊന്‍ സര്‍ക്കാര്‍ തയാറാവണം. അതോടൊപ്പം കാടിനെ ആശ്രയിച്ചുകഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന സമീപനം ഉണ്ടാവരുത്.പുതിയ സര്‍ക്കാര്‍ വന്നതോടെ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.