മാനന്തവാടി നഗരത്തിലെ മാലിന്യനിക്ഷേപം: കര്‍ശന നടപടിക്ക് റവന്യൂ വകുപ്പും നഗരസഭയും

മാനന്തവാടി: നഗരത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ കര്‍ശന നടപടികളുമായി റവന്യൂ വകുപ്പും നഗരസഭയും രംഗത്ത്. മാലിന്യം വേണ്ടവിധം സംസ്കരിക്കാതെയും, വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത കെട്ടിടങ്ങള്‍, പാര്‍ക്കിങ് സൗകര്യമില്ലാത്ത കെട്ടിങ്ങള്‍ എന്നിവിടങ്ങളില്‍ സബ് കലക്ടര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് മാസങ്ങളായി മാലിന്യം നീക്കംചെയ്യാത്തതും, വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ അധ്യക്ഷതയില്‍ റവന്യൂ, എക്സൈസ്, ആരോഗ്യ വകുപ്പ്, നഗരസഭ എന്നിവയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബേക്കറികള്‍ ഉള്‍പ്പെടെയുള്ള 13 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതും, വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ ക്രിമിനല്‍ ചട്ട പ്രകാരം കേസെടുക്കുമെന്നും, ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന മൂന്നു സ്ഥാപനങ്ങള്‍ക്ക് 48 മണിക്കൂറിനകം സ്വന്തം ചെലവില്‍ മാലിന്യം നീക്കംചെയ്യണമെന്നു കാണിച്ച് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരുടെ സ്ഥലത്താണോ മാലിന്യം കാണപ്പെടുന്നത് അവര്‍ക്കെതിരെ കേസെടുക്കും. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ നടപടി തുടങ്ങി. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തീര്‍ത്തും ദുരിതപൂര്‍ണമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതോടെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ് മര്‍ച്ചന്‍റ് അസോസിയേഷന്‍ വ്യാപാരികളുടെ പ്രത്യേക യോഗവും വിളിച്ചുചേര്‍ത്തു. ആര്‍.ഡി.ഒ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ഇ.പി. മേഴ്സി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഫുഡ് സേഫ്റ്റി ഓഫിസര്‍ ശശിധരന്‍ നഗരസഭ സെക്രട്ടറി ജോണി എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും സംയുക്ത വകുപ്പുകളുടെ പരിശോധന തുടരും. അതേസമയം, അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ നിലനില്‍പിനായി സംരക്ഷണ ഭിത്തി നിര്‍മിക്കാനുളള നടപടി ഇഴയുകയാണ്. സെഞ്ച്വറി ലോഡ്ജ് നിലനില്‍ക്കുന്ന ഭാഗത്ത് മാത്രമാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഭിത്തിനിര്‍മാണം യഥാസമയം ആരംഭിക്കാത്തത് കടകള്‍ അടച്ചിട്ട വ്യാപാരികളെയാണ് വിഷമത്തിലാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.