ജിവനക്കാരില്ല: കന്നുകാലി പൗണ്ടുകള്‍ നോക്കുകുത്തി

വൈത്തിരി: അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിട്ടും പൗണ്ടുകള്‍ നോക്കുകുത്തിയാവുന്നു. ഇവിടെ പിടിച്ചുകെട്ടുന്നതിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലുള്ള കന്നുകാലി പൗണ്ടുകളാണ് ഉപയോഗശൂന്യമാവുന്നത്. പൊഴുതനയിലെയും വൈത്തിരിയിലെയും മിക്ക പ്രദേശങ്ങളും നൂറോളം കന്നുകാലികളാണ് അലഞ്ഞുനടക്കുന്നത്. അച്ചുര്‍, പെരിങ്കോട, ചുണ്ടേല്‍, പൊഴുതന റോഡുകളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. പകല്‍ സമയങ്ങളില്‍ ചായത്തോട്ടങ്ങളിലും മറ്റും മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ രാത്രിയാവുന്നതോടെ പൊതുനിരത്തുകളിലും വളവുകളിലും തമ്പടിക്കുന്നു. ഇത് ഇരുചക്രവാഹനങ്ങളടക്കമുള്ളവക്ക് ഭീഷണിയാവുകയാണ്. ഉടമസ്ഥര്‍ വളര്‍ത്തുമൃഗങ്ങളില്‍ കറവയുള്ളവയെ മാത്രം പിടിച്ചുകെട്ടുകയും അല്ലാത്ത കന്നുകാലികളെ അഴിച്ചുവിടുകയുമാണ് ചെയ്യുന്നത്. ഇവ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതായി വ്യാപക പരാതിയുണ്ട്. റോഡുകളിലും മറ്റും തടസ്സമുണ്ടാക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് കോടതി നിര്‍ദേശമുണ്ടെങ്കിലും പല പഞ്ചായത്തുകളിലും ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ല. തോട്ടം മേഖലകള്‍ സ്ഥിതിചെയ്യുന്ന ചുരുക്കം ചില പഞ്ചായത്തുകളില്‍ ഇത്തരതില്‍ പൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും അലയുന്ന കന്നുകാലികളെ പിടിക്കുന്നതിനുള്ള ജീവനക്കാരെ പഞ്ചായത്ത് നിയോഗിക്കാത്തതാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.