കുടിവെള്ള ഗുണനിലവാര പരിശോധന സൗജന്യമാക്കി ഉത്തരവ്

മാനന്തവാടി: മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയില്‍ കുടിവെള്ള ഗുണനിലവാര പരിശോധന സൗജന്യമാക്കി ഉത്തരവ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. മേയ് 30ന് ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജലജന്യരോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 ജനുവരി ഒന്നു മുതല്‍ ജൂണ്‍ ഒന്നു വരെ 6507 ജലജന്യരോഗങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡി.എം.ഒ യോഗത്തെ അറിയിച്ചു. ഇത് തടയാന്‍ കുടിവെള്ള ഗുണനിലവാര പരിശോധ സൗജന്യമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. നിലവില്‍ ജല അതോററ്റിയുടെ കല്‍പറ്റയിലെ ഗുണനിലവാര കേന്ദ്രത്തിലാണ് കുടിവെള്ള പരിശോധന നടത്തുന്നത്. ജല അതോറിറ്റിയുടെ വെള്ളം ഒഴികെ ബാക്കി എല്ലാ പരിശോധനകള്‍ക്കും അറുനൂറ് രൂപയാണ് ഈടാക്കുന്നത്. ജലദൗര്‍ലഭ്യതയും ഗുണമേന്മ കുറവുമാണ് രോഗം വര്‍ധിക്കാനിടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പിന്‍െറ നിഗമനം. ഇ-കോളി, കോളിഫോം ബാക്ടീരിയ എന്നിവയുടെ അളവ് അപകടകരമായ രീതിയില്‍ വര്‍ധിച്ചതായി കണ്ടത്തെിയിരുന്നു. സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ പരിശോധന. ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ദേശിക്കുന്ന കുടിവെള്ളമാണ് സൗജന്യമായി പരിശോധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.