അകത്തും പുറത്തും മഴ; ആദിവാസി കുടുംബങ്ങള്‍ക്ക് ദുരിതം

വെള്ളമുണ്ട: വീടിന് പുറത്തും അകത്തും ഒരുപോലെ മഴപെയ്യുമ്പോള്‍ എവിടെ പോകണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് ആദിവാസി കുടുംബങ്ങള്‍. വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ 20ഓളം ആദിവാസി കോളനികളിലാണ് ചോരുന്ന കൂരക്കകത്ത് കിടന്നുറങ്ങാന്‍പോലുമാവാതെ കഴിയുന്നത്. സ്വന്തമായി കെട്ടിയുണ്ടാക്കിയ പ്ളാസ്റ്റിക് ഷീറ്റിട്ട കൂരകളില്‍ കഴിയുന്നവര്‍ നിരവധിയാണ്. ഒറ്റമുറിക്കുടിലില്‍ നാലും അഞ്ചും കുടുംബങ്ങള്‍ വരെ ഒരുമിച്ച് കഴിയുന്ന കോളനികളുണ്ട്. വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂര്‍, പുളിഞ്ഞാല്‍ കോട്ടമുക്കത്ത്, നെല്ലിക്കച്ചാല്‍, പെരുങ്കുളം, കട്ടയാട് എടത്തില്‍, തരുവണ പുലിക്കാട് തുടങ്ങിയ കോളനികളില്‍ ബഹുഭൂരിപക്ഷത്തിനും ചോരാത്ത വീട് ഇന്നും സ്വപ്നമാണ്. മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഇവര്‍ക്ക് വീടനുവദിക്കുന്നു എന്ന് പറയുമ്പോഴും കോളനികളില്‍ വീടുപണി പൂര്‍ത്തിയാവുന്നില്ല. ആദ്യ ഗഡുവും രണ്ടാം ഗഡുവും വാങ്ങി പണി പാതിയില്‍ നിര്‍ത്തിയ നിരവധി വീടുകള്‍ കാലങ്ങളായി ഇവിടെ പതിവുകാഴ്ചയാണ്. പണിപൂര്‍ത്തീകരിച്ച വീടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. കോണ്‍ക്രീറ്റ് വീടുകള്‍ക്കകത്ത് പോലും ചോരാതെ കിടന്നുറങ്ങാന്‍ കഴിയുന്നില്ല. തൊണ്ടര്‍നാട് പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന കോളനികളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്നും വീടില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. കാലങ്ങളായി ഇരു പഞ്ചായത്തിലും ആദിവാസി ചൂഷണം നടക്കുകയാണ്. പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കുന്ന കരാറുകാര്‍ക്കെതിരെ പരാതികള്‍ ഉയരുമ്പോഴും വീണ്ടും ഇവര്‍ക്കുതന്നെ നിര്‍മാണ പ്രവൃത്തികള്‍ നല്‍കാനാണ് ജനപ്രതിനിധികളും ശ്രമിക്കുന്നത്. ഉദ്യോഗസ്ഥ, കരാര്‍, ജനപ്രതിനിധി കൂട്ടുകെട്ട് ആദിവാസികളെ ചൂഷണംചെയ്ത് പണം തട്ടുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.