മെഡിക്കല്‍ കോളജ് ഉപേക്ഷിക്കില്ല –സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഉപേക്ഷിക്കില്ളെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ആ രീതിയിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമൊന്നുമില്ല. കഴിഞ്ഞദിവസം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജും സര്‍ക്കാര്‍ ഉപേക്ഷിക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്നും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിന്‍െറ പ്രാരംഭപ്രവൃത്തികള്‍ തുടങ്ങുന്നതിന് സാങ്കേതിക തടസ്സം മാത്രമാണുള്ളത്. ഭൂമികൈമാറ്റം പൂര്‍ണമായി നടന്നിട്ടില്ല. നിര്‍മാണത്തിനായി കൈമാറിയ സ്ഥലത്തേക്കുള്ള റോഡിന്‍െറ ആവശ്യത്തിലേക്കായി 12 സെന്‍റ് ഭൂമി കൈമാറിക്കിട്ടിയതിന്‍െറ രേഖ ശനിയാഴ്ച ലഭിച്ചതേയുള്ളൂ. അനുബന്ധ റോഡിന് മൂന്നുകോടി രൂപ നേരത്തേ വകയിരുത്തിയിരുന്നു. എല്ലാ തടസ്സങ്ങളും വേഗത്തില്‍ പരിഹരിച്ച് നിര്‍ദിഷ്ട സ്ഥലത്തുതന്നെ ഉടന്‍ നിര്‍മാണം തുടങ്ങുകയെന്നതാണ് ലക്ഷ്യം. അതോടൊപ്പം, യു.ഡി.എഫിന്‍െറ കാലത്ത് മെഡിക്കല്‍ കോളജിന് വമ്പന്‍ തുക കമീഷന്‍ കൊടുത്ത് എസ്റ്റിമേറ്റ് തയാറാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. പുതുതായി പ്രഖ്യാപിക്കപ്പെട്ട മറ്റെല്ലാ മെഡിക്കല്‍ കോളജുകളും നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തുടങ്ങാത്തത് വയനാട് മാത്രമാണ്. വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ അനിവാര്യതയെക്കുറിച്ച് എല്‍.ഡി.എഫിന് കൃത്യമായ ബോധ്യമുണ്ട്. നേരത്തേ, ജില്ലാ ആശുപത്രിയിലോ കല്‍പറ്റ ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം തുടങ്ങണമെന്ന് ഞങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, അതിന്‍െറ പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോഴാണ് ബോധ്യമായത്. എങ്കിലും കല്‍പറ്റ ജനറല്‍ ആശുപത്രി കൈനാട്ടിയിലെ കെട്ടിടത്തിലേക്ക് മാറുന്ന മുറക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ട്രോമാ കെയര്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് എം.എല്‍.എ പറഞ്ഞു. മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം ചെറുരീതിയില്‍ തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണിത്. ആതുര മേഖലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജില്ല, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. എല്ലാവര്‍ക്കും സൗജന്യമായി ചികിത്സ നല്‍കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും ശശീന്ദ്രന്‍ പറഞ്ഞു. വയനാടിന്‍െറ നവോത്ഥാനത്തിന് വഴിയൊരുക്കുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സി.കെ. ശശീന്ദ്രന്‍ അവകാശപ്പെട്ടു. കാര്‍ഷിക, ആദിവാസി, വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകള്‍ക്ക് ബജറ്റ് ഊര്‍ജം പകരും. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ 100 കോടി രൂപ വകയിരുത്തിയതില്‍ വലിയൊരുഭാഗം വയനാട്ടില്‍ ചെലവഴിക്കപ്പെടുന്നതാണ്. നെല്‍കൃഷി വ്യാപനം, വയനാടന്‍ കാപ്പി പ്രത്യേക ബ്രാന്‍ഡാക്കി വിപണനം ചെയ്യുന്നത്, സ്പൈസസ് പാര്‍ക്ക്, കബനി നദീജല വിനിയോഗം എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്. പി.കെ. കാളന്‍ കുടുംബ പദ്ധതി ഉള്‍പ്പെടെ ആദിവാസി ക്ഷേമത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 241 സ്കൂളുകളില്‍ ആദിവാസി ടീച്ചര്‍മാരെ നിയമിക്കാനുള്ള പദ്ധതി പ്രശംസനീയമാണ്. കരിന്തണ്ടന്‍ സ്മാരകം, എടച്ചന കുങ്കന്‍ സ്മാരകം തുടങ്ങിയവയും ജില്ലക്ക് മുതല്‍ക്കൂട്ടാവും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വയനാടിന്‍െറ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചതായി സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ എട്ട് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇതിനായി ഇ.എം. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്തദിവസം വയനാട്ടിലത്തെി ചര്‍ച്ച നടത്തും. ഇതില്‍ കര്‍ണാടകയിലെ എം.പിയും എം.എല്‍.എമാരും പങ്കെടുക്കും. ജില്ലയുടെ കായികമേഖലക്ക് കരുത്തേകാന്‍ ജില്ലാ സ്റ്റേഡിയത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വയനാടിന്‍െറ കായികരംഗത്ത് സജീവ സാന്നിധ്യമായിരുന്ന സി.കെ. ഓംഗാരനാഥന്‍െറ നാമധേയത്തില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. കല്‍പറ്റ ഗവ. കോളജില്‍ പുതിയ പി.ജി കോഴ്സ് അനുവദിച്ചതിന് പിന്നാലെ കെട്ടിടം, ചുറ്റുമതില്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവക്കും തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ 100 കോടി മാറ്റിവെച്ചത് വയനാട്ടിലുള്ള ഒരുപാടുപേര്‍ക്ക് സഹായകരമാകും. നിരവധി റോഡുകള്‍ക്ക് ബജറ്റില്‍ കോടികള്‍ വകയിരുത്തിയതിനെയും എം.എല്‍.എ അഭിനന്ദിച്ചു. മാനന്തവാടി മണ്ഡലം എം.എല്‍.എ ഒ.ആര്‍. കേളുവും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.