മാരമലയുടെ ഉറക്കംകെടുത്തി കാട്ടാനകള്‍

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ മാരമല ഉള്‍പ്പെട്ട ഗാന്ധിനഗര്‍ വാര്‍ഡില്‍ കാട്ടാനകള്‍ ജനത്തിന്‍െറ ഉറക്കംകെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഞായറാഴ്ച ആദിവാസി ഗൃഹനാഥന്‍െറ മരണത്തോടെ ജനം ഇവിടെ ഭീതിയിലായിരിക്കുകയാണ്. മാരമല, നാരായണപുരം, ഗാന്ധിനഗര്‍, മൂടക്കൊല്ലി, വട്ടത്താനി എന്നിവിടങ്ങളിലൊക്കെ സന്ധ്യ മയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പാമ്പ്ര എസ്റ്റേറ്റ് വഴിയാണ് ഈ പ്രദേശങ്ങളില്‍ കാട്ടാനകളത്തെുന്നത്. കൂട്ടമായി എത്തുന്ന ആനകള്‍ ഗ്രാമകവലകളിലും കൃഷിയിടങ്ങളിലും തമ്പടിക്കും. ജനത്തിന്‍െറ ജാഗ്രതകൊണ്ട് മാത്രമാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാത്തത്. ഒരുവര്‍ഷം മുമ്പ് മൂടക്കൊല്ലിയില്‍ ഒരു യുവാവ് കൊമ്പന്‍െറ ആക്രമണത്തില്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ജനം കൂടുതല്‍ ജാഗ്രതകാട്ടാന്‍ തുടങ്ങിയത്. കാര്‍ഷികവിളകള്‍ ആനക്കൂട്ടം നശിപ്പിക്കുന്നതിനാല്‍ ഈ ഭാഗത്ത് കൃഷി സ്തംഭിച്ച അവസ്ഥയിലാണ്. വനയോരത്ത് പ്രതിരോധ കിടങ്ങുണ്ടെങ്കിലും ഒട്ടും ഫലപ്രദമല്ല. മരിച്ച ഗോപിയുടെ മൃതദേഹം സംഭവസ്ഥലത്തുനിന്നും എടുക്കുന്നത് തിങ്കളാഴ്ച നാട്ടുകാര്‍ സംഘടിച്ച് എതിര്‍ത്തത് വര്‍ഷങ്ങളായുള്ള സഹനത്തിന്‍െറ പ്രതിഫലനമായിരുന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, ഡി.എഫ്.ഒ ഒ. അബ്ദുല്‍ അസീസ്, ബത്തേരി തഹസില്‍ദാര്‍ എം.കെ. എബ്രഹാം, ഡെ. റെയ്ഞ്ച് ഓഫിസര്‍ കെ. ജോസ്, പാതിരി സൗത് സെക്ഷന്‍ ഓഫിസര്‍ മുസ്തഫ സാദിഖ് എന്നിവര്‍ നാട്ടുകാരുമായി ഏറെനേരം വാഗ്വാദം നടത്തിയതിനുശേഷമാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്. അഞ്ചുലക്ഷം രൂപയും വനംവകുപ്പില്‍ ആശ്രിത നിയമനവും ഗോപിയുടെ കുടുംബത്തിന് നല്‍കാമെന്ന് അധികാരികള്‍ അറിയിക്കുകയായിരുന്നു. മാരമല ഭാഗത്ത് രാത്രി പട്രോളിങ് നടത്താന്‍ വനംവകുപ്പ് ജീവനക്കാരെ നിയോഗിക്കാനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.