മാസം കഴിഞ്ഞിട്ടും തുമ്പില്ല

സുല്‍ത്താന്‍ ബത്തേരി: കുപ്പാടിയില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസില്‍ മാസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. വനംവകുപ്പും പൊലീസും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്. കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. നേരത്തെ വനംവകുപ്പ് 25,000 രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി 25,000 രൂപയും ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷനല്‍ 1,00000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചു. മേയ് 30ന് പുലര്‍ച്ചെയാണ് ബത്തേരി-പുല്‍പള്ളി റൂട്ടില്‍ കുപ്പാടി നാലാംമൈലില്‍ റോഡരികില്‍ പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടത്. നാലാംമൈല്‍ ഫോറസ്റ്റ് ചെക്പോസ്റ്റില്‍നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. പുലര്‍ച്ചെ നാട്ടുകാരാണ് ആന ചെരിഞ്ഞതുകണ്ട് വനം വകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാര്‍ക്കോ യാത്രക്കാര്‍ക്കോ ഒരുപദ്രവും ഉണ്ടാക്കാത്ത ആനയെ കൊന്നവരെ പിടികൂടണമെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. തദ്ദേശീയരായ നാട്ടുകാര്‍ അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുന്നുമുണ്ട്. മുമ്പ് വന്യജീവി വേട്ടയുമായി ബന്ധപ്പെട്ട് കേസില്‍ കുടുങ്ങിയവരെയും റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തോക്ക് കൈവശം വെക്കുന്നവരെയും ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. വാഹനത്തില്‍നിന്നും വെടിവെച്ചുവെന്നാണ് നിഗമനം. അതിനാല്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കണ്ണിനുമുകളില്‍ തലയുടെ ഇടതുഭാഗത്തായാണ് വെടിയേറ്റത്. കൃത്യമായി വെടിവെക്കാന്‍ അറിയാവുന്നവര്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നതെന്ന് വനംവകുപ്പ് സംശയിക്കുന്നു. സംഭവത്തത്തെുടര്‍ന്ന് ഇരുളത്ത് ഫോറസ്റ്റ് ചെക്പോസ്റ്റ് സ്ഥാപിക്കാന്‍ വനം വകുപ്പ് നീക്കം നടക്കുന്നുണ്ട്. എല്ലാ ഊടുവഴികളിലും ചങ്ങലഗേറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.