പൊതുമരാമത്ത് വകുപ്പിന് സ്ഥലം ഉടന്‍ കൈമാറാന്‍ മന്ത്രി ജയലക്ഷ്മിയുടെ നിര്‍ദേശം

കല്‍പറ്റ: മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത സ്ഥലം പൊതുമരാമത്ത് വകുപ്പിന് ഉടന്‍ കൈമാറാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍ദേശം നല്‍കി. സ്ഥലം കൈമാറാതെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയില്ളെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ വികസനസമിതി യോഗത്തിനിടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി ഫോണിലൂടെ നിര്‍ദേശം നല്‍കിയത്. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ചുമതലയേല്‍പിക്കുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും ഓവുചാല്‍ നിര്‍മാണവും മഴക്കാലത്തിന് മുമ്പായി പൂര്‍ത്തിയാക്കാന്‍ യോഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലെ നിരത്തുകളില്‍ രൂപപ്പെടുന്ന കുഴികള്‍ അടക്കുന്നതിനുള്ള ആധുനിക സംവിധാനമായ പോട്ട്ഹോള്‍ റിപ്പയറിങ് മെഷീന്‍ വാങ്ങുന്നതിന് 40,10,000 രൂപയുടെ ഭരണാനുമതിക്കുള്ള പ്രപ്പോസല്‍ ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചതായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. ജില്ലാ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളിലടക്കം ശ്രദ്ധ പതിപ്പിക്കാന്‍ ആരോഗ്യവകുപ്പിനോട് മന്ത്രി നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അറിയിച്ചു. ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ജില്ലാ ആശുപത്രിയുടെ സമഗ്രവികസനം നടപ്പാക്കാമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അറിയിച്ചു. ജില്ലയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിരന്തരമായി ഉണ്ടാവുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സാമ്പത്തികാനുകൂല്യം നല്‍കുന്ന അട്ടപ്പാടി പാക്കേജ് വയനാട് ജില്ലയിലും നടപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് നിര്‍ദേശിച്ചു. ജില്ലയില്‍ എച്ച്.എസ്.എ (നാചുറല്‍ സയന്‍സ്) തസ്തിക അനുവദിച്ച 12 ആര്‍.എം.എസ്.എ വിദ്യാലയങ്ങളില്‍ 11 വിദ്യാലയങ്ങളിലെ അധ്യാപകരുടെ 2015 ഡിസംബറിലെ ശമ്പളം ഉള്‍പ്പെടെ കുടിശ്ശിക സ്റ്റേറ്റ് പ്രോജക്ട് ഓഫിസില്‍നിന്ന് തുക അനുവദിച്ചതിന്‍െറ അടിസ്ഥാനത്തില്‍ വിതരണം ചെയ്തതായി ആര്‍.എം.എസ്.എ പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. കൂടാതെ ശമ്പളം ലഭിക്കാതിരുന്ന ക്ളര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്‍റ് എന്നീ തസ്തികകളില്‍ ജോലി ചെയ്തുവരുന്നവരുടെ മുഴുവന്‍ കുടിശ്ശികയും ഉള്‍പ്പെടെ ശമ്പളം വിതരണം ചെയ്തു. ആര്‍.എം.എസ്.എയില്‍ നാലു മാസമായി ഒഴിഞ്ഞുകിടക്കുന്ന ജില്ലാ അസി. പ്രോജക്ട് ഓഫിസറുടെ ഒഴിവ് സ്റ്റേറ്റ് പ്രോജക്ട് ഓഫിസില്‍ അറിയിച്ചിട്ടുണ്ടെന്നും നിയമനം നടത്തുന്ന കാര്യം സ്റ്റേറ്റ് പ്രോജക്ട് ഓഫിസിന്‍െറ പരിഗണനയിലാണെന്നും അറിയിച്ചു. ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍, കല്‍പറ്റ പ്ളാന്‍േറഷന്‍ ഇന്‍സ്പെക്ടര്‍, അസി. ലേബര്‍ ഓഫിസര്‍ കല്‍പറ്റ എന്നിവരുടെ നേതൃത്വത്തില്‍ തോട്ടംമേഖലകളില്‍ ജനുവരി ഒന്നിന് സ്ക്വാഡ് പരിശോധന നടത്തിയതില്‍ വന്‍കിട തോട്ടങ്ങളില്‍ ഒന്നും ബാലവേല കണ്ടത്തെിയിട്ടില്ളെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യോഗം അവലോകനം ചെയ്തു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.