സുല്‍ത്താന്‍ ബത്തേരി: രണ്ടേമുക്കാല്‍ കോടി രൂപ മുതല്‍മുടക്കില്‍ ദേശീയപാതക്കിരുവശത്തുമായി ബത്തേരി ടൗണില്‍ ആരംഭിച്ച ഫുട്പാത്ത് നിര്‍മാണം പാതിവഴിയില്‍ അനിശ്ചിതത്വത്തിലായി. പണി പൂര്‍ത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പകുതിപോലുമായിട്ടില്ല. മാസങ്ങളായി നടപ്പാത പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ടൗണിലത്തെുന്ന ജനങ്ങള്‍ വഴിനടക്കാന്‍ കഴിയാതെ തട്ടിത്തടയുകയാണ്. അവിടെയുമിവിടെയും അലക്ഷ്യമായി സ്ളാബുകള്‍ വാര്‍ത്തിടുകയും ബാക്കി സ്ഥലം കുഴിയാക്കി രൂപാന്തരപ്പെടുകയും ചെയ്തതോടെ അഴുക്കുചാലില്‍ വീഴുന്നവരുടെ എണ്ണം കൂടി. ജനങ്ങള്‍ റോഡിലിറങ്ങി നടക്കുന്നതുമൂലം ഗതാഗതസ്തംഭനം പതിവാണ്, ഒപ്പം അപകടങ്ങളും. ഫുട്പാത്ത് നിര്‍മാണപ്രവൃത്തി സ്തംഭിച്ചതോടെ നഗരസഭാധ്യക്ഷന്‍ സി.കെ. സഹദേവന്‍ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. കരാറുകാരനും റവന്യൂ, പൊലീസ്, ദേശീയപാത, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗത്തില്‍ ഫെബ്രുവരി 28നുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍ ഉറപ്പുനല്‍കിയിരുന്നു. പിന്നീട് മൂന്നുദിവസം തകൃതിയായി പണി നടന്നു. പക്ഷേ, തുടര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ പ്രവൃത്തി തികച്ചും നിലച്ചമട്ടാണ്. കോടികളുടെ പദ്ധതിയില്‍ പണിയെടുക്കാന്‍ അഞ്ചുമുതല്‍ പത്തുവരെ ഇതരസംസ്ഥാന തൊഴിലാളികള്‍മാത്രമാണ് തുടക്കം മുതലുണ്ടായിരുന്നത്. പ്രവൃത്തി ടെന്‍ഡറെടുത്ത കരാറുകാരനും ദേശീയപാത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പിന്നീട് ഈ വഴി തിരിഞ്ഞുനോക്കിയില്ല. മേല്‍നോട്ടത്തിന്‍െറ അഭാവത്തിലെടുത്ത പ്രവൃത്തിയും ഉപകാരപ്രദമായില്ല. നിര്‍മാണപ്രവൃത്തി തികച്ചും അശാസ്ത്രീയമായി. ഫുട്പാത്ത് നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളും മരങ്ങളും നീക്കംചെയ്യാനും നടപടിയില്ല. പ്രവൃത്തി വീണ്ടും നിലച്ചതോടെ മുനിസിപ്പല്‍ ചെയര്‍മാന്‍ കഴിഞ്ഞദിവസം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചെങ്കിലും കരാറുകാരനും ഉദ്യോഗസ്ഥരും അവലോകനയോഗത്തിനത്തെിയില്ല. കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയതായി ഫണ്ടനുവദിച്ച ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.