കുടിയൊഴിഞ്ഞവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവുമില്ല

കല്‍പറ്റ: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം അണക്കെട്ട് പ്രദേശത്തുനിന്ന് കുടിയൊഴിഞ്ഞുപോകേണ്ടിവന്ന ആദിവാസികളടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരവുമില്ല, പുനരധിവാസവുമില്ല. ജില്ലയിലത്തെുന്ന മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഭൂമി സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തരിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെട്ട കാട്ടിമടയിലെ 50 ആദിവാസി കുടുംബങ്ങളടക്കമാണ് ദുരിതമനുഭവിക്കുന്നത്. 1977ല്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തതും ’79ല്‍ ഇവര്‍ക്ക് വിതരണം ചെയ്തതുമായ ഭൂമിയാണിവ. 50 ആദിവാസി കുടുംബങ്ങള്‍ക്ക് ആകെ 41.80 ഏക്കറും പൊതുവിഭാഗത്തിലെ നാലു കുടുംബങ്ങള്‍ക്ക് ആകെ 3.20 ഏക്കറുമാണ് വിതരണം ചെയ്തത്. 1994വരെ ഭൂനികുതി അടച്ചിട്ടുമുണ്ട്. എന്നാല്‍, 54 പേരില്‍ എ. ചന്ദ്രന്‍, സി.എ. ജബ്ബാര്‍ എന്നിവര്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. മിച്ചഭൂമിവിതരണം കഴിഞ്ഞ് ഉടന്‍തന്നെയാണ് ബാണാസുരസാഗര്‍ അണക്കെട്ടും കെ.എസ്.ഇ.ബിയുടെ കുറ്റ്യാടി പദ്ധതി നടപടികളും തുടങ്ങുന്നത്. തങ്ങളുടെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കുമെന്ന ആശങ്കയില്‍ ഇവര്‍ ഭൂമിയില്‍ സ്ഥിരവിളകള്‍ കൃഷി ചെയ്യാതെയായി. പദ്ധതി നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചതോടെ ഗതാഗതമാര്‍ഗങ്ങള്‍ തടസ്സപ്പെടുകയും ഇവിടെയുള്ളവര്‍ ഒഴിഞ്ഞുപോവുകയും ചെയ്തു. ഇപ്പോള്‍ ജനവാസമില്ലാത്ത സംരക്ഷിത നിക്ഷിപ്ത വനഭൂമിക്കും ബാണാസുര ജലസംഭരണിക്കുമിടയില്‍ വരുന്നതുമായ ഇവരുടെ ഭൂമി 1991ല്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ട പ്രദേശമായി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി എല്‍.എ തഹസില്‍ദാര്‍ ’94ല്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കി. ഇതോടെ ഇവരില്‍നിന്ന് ഭൂനികുതി സ്വീകരിക്കാതെയായി. എന്നാല്‍, ഏറ്റെടുക്കല്‍ തുടര്‍ നടപടികളുണ്ടാവാതിരിക്കുകയും ചെയ്തു. നിലവില്‍ ഈ സ്ഥലമുള്‍പ്പെടെ നൂറു ഹെക്ടര്‍ പരിസ്ഥിതിദുര്‍ബല പ്രദേശമായി ഏറ്റെടുത്ത് സംരക്ഷിച്ചുവരുകയാണ്. തങ്ങളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉണ്ടാകാത്തതിനെതിരെ ഹൈകോടതിയില്‍ ബന്ധപ്പെട്ടവര്‍ കേസ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കനുകൂലമായി വയനാട് സ്പെഷല്‍ ഡെ. കലക്ടര്‍ (എല്‍.എ) റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംരക്ഷിത പ്രദേശമായ നൂറു ഹെക്ടറില്‍നിന്ന് മിച്ചഭൂമിയായ 45 ഏക്കര്‍ സ്ഥലം സബ് ഡിവിഷന്‍ ചെയ്ത് നിക്ഷിപ്ത വനഭൂമി, പരിസ്ഥിതി ദുര്‍ബലപ്രദേശം എന്നിവയില്‍നിന്ന് ഒഴിവാക്കി കക്ഷികള്‍ക്ക് നല്‍കണം. അല്ളെങ്കില്‍, ദുരിതമനുഭവിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആദിവാസികളടക്കമുള്ള നിര്‍ധന കുടുംബങ്ങളായതിനാല്‍ ഇവരുടെ ഭൂമി അന്യാധീനപ്പെട്ടതായി കണക്കാക്കി പകരം ഭൂമിയൊ നഷ്ടപരിഹാര തുകയൊ നല്‍കണമെന്നും ഡെ. കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇതുവരെ പകരം ഭൂമിയൊ നഷ്ടപരിഹാരമൊ ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വയനാട്ടിലത്തെുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് തരിയോട് കാട്ടിമട ആദിവാസി ഭൂമിസംരക്ഷണ സമിതിയുടെ ആവശ്യം. കണ്‍വീനര്‍ എ. ചന്ദ്രന്‍, ചെയര്‍മാന്‍ വി. ശേഖരന്‍, ഊരുമൂപ്പന്‍ എം. ചന്ദ്രന്‍, കൃഷ്ണന്‍, കൗണ്ടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.