ഓളപ്പരപ്പില്‍ ഒഴുകിനടക്കും; സൗരോര്‍ജം വിതറും

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ അണക്കെട്ടിലെ ഓളപ്പരപ്പില്‍ സൂര്യന്‍െറ ചൂടേറ്റ് ഇവന്‍ ഒഴുകിനടക്കും. പിന്നെ സൗരോര്‍ജ വൈദ്യുതി വിതറും. ഡാം റിസര്‍വോയറില്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ‘ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന സൗരോര്‍ജനിലയം’ വയനാട് പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാമില്‍ ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സൂര്യന്‍െറ പാരമ്പര്യേതര ഊര്‍ജത്തിലേക്ക് പോവാതെ കേരളത്തിന് നിലനില്‍പില്ളെന്ന് അദ്ദേഹം പറഞ്ഞു. കാറ്റ്, ചെറുകിട ജലവൈദ്യുതി പദ്ധതികള്‍, സൗരോര്‍ജം എന്നിവയെ ആശ്രയിച്ചേ മതിയാവൂ. ഇതില്‍ ഏറ്റവും പ്രധാനം സൗരോര്‍ജമാണ്. സോളാറിന് ഒരു ചീത്തപ്പേരുണ്ടെന്നും അത് ഇതുമായി കൂട്ടിക്കുഴക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു വീട്ടില്‍ ഓരോ കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊണ്ടുള്ള പദ്ധതി ഇപ്പോള്‍ കെ.എസ്.ഇ.ബി നടപ്പാക്കിവരുന്നതായും മന്ത്രി അറിയിച്ചു. വീടുകളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാന്‍ മൂന്നിലൊന്ന് കേന്ദ്രസര്‍ക്കാറിന്‍െറ സബ്സിഡി ലഭിക്കും. സംസ്ഥാന സര്‍ക്കാറിന്‍െറയും സബ്സിഡി ലഭിക്കും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്ത് നടപ്പാക്കിവരുകയാണ്. കാസര്‍കോട്ട് 200 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്് സ്ഥാപിക്കാന്‍ 500 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ഇനി 1500 ഏക്കര്‍കൂടി ഏറ്റെടുക്കണമെന്നും മന്ത്രി അറിയിച്ചു. ഡാമില്‍ 500 കിലോ വാട്ട് സോളാര്‍ പ്ളാന്‍റിന്‍െറയും 400 കിലോ വാട്ട് ഡാംടോപ്പ് സോളാര്‍ പ്ളാന്‍റിന്‍െറയും ഹൈഡല്‍ ടൂറിസംവികസന പദ്ധതിയുടെയും ഉദ്ഘാടവും മന്ത്രി നിര്‍വഹിച്ചു. ഡാമിന്‍െറ റിസര്‍വോയറില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന സൗരോര്‍ജനിലയമാണ് ബാണാസുരസാഗറിലേത്. വലിയ സൗരോര്‍ജ പാനലുകളാണ് ഇതിനുപയോഗിച്ചത്. ഡാം റിസര്‍വോയറിലെ ജലനിരപ്പ് 20 മീറ്റര്‍ ഉയരുകയും താഴുകയും ചെയ്താലും ഈ വ്യതിയാനം നിലയത്തിന്‍െറ ദിശയിലൊ സ്ഥാനത്തൊ മാറ്റംവരുത്താതെ നിലനിര്‍ത്തുന്നു. കെ.എസ്.ഇ.ബിയുടെ എനര്‍ജി ഇന്നവേഷന്‍ പ്രോഗ്രാമിന്‍െറ സ്റ്റാര്‍ട്ടപ് വില്ളേജുവഴി തെരഞ്ഞെടുത്ത എന്‍ജിനീയറിങ് ബിരുദധാരികളായ അജയും സുബിനുമാണ് ഇത് രൂപകല്‍പന ചെയ്തത്. ഇവരെ മന്ത്രി ആദരിച്ചു. 15 ലക്ഷം രൂപയാണ് ചെലവ്. ഈ പദ്ധതിവഴി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് പ്രതിവര്‍ഷം 15,990 യൂനിറ്റ് വൈദ്യുതി എത്തിച്ചേരും. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പി. നിര്‍വഹിച്ചു. കെഎ.എസ്.ഇ.ബി റെന്യൂവബ്ള്‍ എനര്‍ജി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എം. ശിവശങ്കര്‍, ഡോ. ആര്‍.വി.ജി. മേനോന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സജേഷ്, തരിയോട് പഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍, ജനപ്രതിനിധികളായ കെ.ബി. നസീമ, ജില്‍സി സണ്ണി, ഈന്തന്‍ ആലി, ശാന്തിനി ഷാജി, മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍, കെ.എല്‍. പൗലോസ്, മുഹമ്മദ് ബഷീര്‍, കെ.കെ. ഹംസ, കെ. സദാനന്ദന്‍, പി.കെ. അബ്ദുറഹ്മാന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ബി. ബ്രിജ്ലാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.