ഗോത്രമഹാസഭ രാജ്ഭവന് മുന്നില്‍ പൗരാവകാശ സഭ സംഘടിപ്പിക്കും

കല്‍പറ്റ: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രാജ്ഭവനുമുന്നില്‍ പൗരാവകാശ സഭ സംഘടിപ്പിക്കും. ജനുവരി 28ന് നടക്കുന്ന പൗരാവകാശസഭയില്‍ കേരളത്തിലെ ദലിത്-ആദിവാസി സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ആദിവാസി ഗോത്രമഹാസഭാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാല അധികൃതര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തെ കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ കണ്ടില്ളെന്നുനടിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരെയും സാമൂഹികനീതിക്കുവേണ്ടി പൊരുതുന്നവരെയും നിശ്ശബ്ദരാക്കുന്ന സംഘടിതനീക്കം രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഇതിന്‍െറ അവസാനത്തെ ഇരയാണ് രോഹിത് വെമുല. രാജ്യത്ത് ശക്തിപ്രാപിക്കുന്ന ജാതി-മത അസഹിഷ്ണുതാ രാഷ്ട്രീയത്തിന് അറുതിവരുത്തുക, രോഹിത്തിന്‍െറ മരണത്തിന് ഉത്തരവാദികളായ മുഴുവനാളുകളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുക, ഉന്നത വിദ്യാഭ്യാസമേഖലയില്‍ ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ കൊണ്ടുവരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നില്‍പുസമരത്തിന്‍െറ തീരുമാനങ്ങള്‍ ഭാഗികമായി നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നില്‍പുസമരം പുനരാരംഭിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഗോത്രമഹാസഭ തീരുമാനിച്ചു. എന്നാല്‍, കേരളത്തിലെ ദുര്‍ബലവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയുന്നതിന് ഭൂസമരം വിപുലീകരിക്കാനും ഇതിന്‍െറ ഭാഗമായി ഊരുവികസന മുന്നണിക്ക് രൂപംനല്‍കുകയും ചെയ്തു. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പുതുതായി രൂപവത്കരിക്കുന്ന പാര്‍ട്ടിയുടെ രൂപവത്കരണ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും പാര്‍ട്ടിക്ക് മറ്റ് മുന്നണികളുമായി സഖ്യമുണ്ടാക്കുന്നതിന് താല്‍പര്യമില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.