കേണിച്ചിറ ബസ്സ്റ്റാന്‍ഡ് : കോടിയിലേറെ രൂപ പാഴാകുന്നു; അധികൃതര്‍ക്ക് കുലുക്കമില്ല

പനമരം: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെ ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയായി കിടക്കുമ്പോള്‍ സര്‍ക്കാറിന്‍െറ കോടിയിലേറെ രൂപ പാഴാകുന്നു. പൂതാടിക്കവലയിലാണ് കേണിച്ചിറയിലെ ബസ്സ്റ്റാന്‍ഡുള്ളത്. ടൗണിലെ പ്രധാന ജങ്ഷനില്‍നിന്ന് ഇവിടേക്ക് 500 മീറ്ററോളമുണ്ട്. ആളൊഴിഞ്ഞ ഭാഗത്താണ് ബസ്സ്റ്റാന്‍ഡ്. രണ്ടു മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും ബസ്സ്റ്റാന്‍ഡ് കൊണ്ട് ജനത്തിന് ഉപകാരമുണ്ടാകാത്തത് അതുകൊണ്ടാണ്. പഞ്ചായത്ത് ഓഫിസിന്‍െറ പരിസരത്ത് ബസ്സ്റ്റാന്‍ഡ് പണിതിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുമായിരുന്നു. ടൗണിന്‍െറ ഭാവിവികസനം മുന്നില്‍ കണ്ടാണ് ബസ്സ്റ്റാന്‍ഡ് പൂതാടിക്കവലയിലാക്കിയതെന്നാണ് ഇതുസംബന്ധിച്ച് അധികൃതരുടെ വാദം. 15 വര്‍ഷംമുമ്പാണ് ബസ്സ്റ്റാന്‍ഡിന് സ്ഥലമെടുക്കല്‍ നടപടികള്‍ തുടങ്ങിയത്. അക്കാലത്തെ യു.ഡി.എഫ് ഭരണസമിതിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ബാങ്കില്‍ പണയപ്പെടുത്തിയ സ്ഥലമാണ് വിലയ്ക്ക് വാങ്ങിയതെന്ന ആക്ഷേപം തുടര്‍ന്നുണ്ടായി. 2005ലും 2010ലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പൂതാടിയിലെ പ്രധാന ചര്‍ച്ചാവിഷയം ബസ്സ്റ്റാന്‍ഡ് സ്ഥലമെടുപ്പായിരുന്നു. ഇടതുപക്ഷം കുറ്റപ്പെടുത്തുമ്പോള്‍ പ്രത്യാരോപണങ്ങളുമായി യു.ഡി.എഫും രംഗത്തുവന്നു. 2010ന് ശേഷമാണ് ബസ്സ്റ്റാന്‍ഡ് പണിക്ക് കാര്യമായ പുരോഗതിയുണ്ടായത്. എം.എല്‍.എ ഫണ്ടടക്കം ഒരു കോടിയിലേറെയാണ് ബസ്സ്റ്റാന്‍ഡിനായി ചെലവഴിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ബജറ്റിലും കാര്യമായ തുക വകയിരുത്തി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി വലിയ നേട്ടമായാണ് ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനത്തെ കണ്ടത്. തുടര്‍ന്ന് പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായി. എല്‍.ഡി.എഫ് വന്നതോടെ ബസ്സ്റ്റാന്‍ഡിന്‍െറ കാര്യം കൂടുതല്‍ പരുങ്ങലിലാവുകയാണുണ്ടായത്. ഷോപ്പിങ് കോംപ്ളക്സിലെ മുറികളില്‍ കച്ചവടം കാര്യമായി നടന്നാലേ പഞ്ചായത്തിന് വരുമാനമുണ്ടാകൂ. മുറികളില്‍ ഒന്നുപോലും ഇപ്പോള്‍ കച്ചവട സ്ഥാപനമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.