ജില്ലാ മെഡിക്കല്‍ ഓഫിസിന് നാഥനില്ല; പ്രവര്‍ത്തനം താളംതെറ്റുന്നു

മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസിനും ജില്ലാ ആശുപത്രിക്കും നാഥനില്ലാത്തതിനാല്‍ ഇരു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താളംതെറ്റുന്നു. കഴിഞ്ഞ 22ന് നിലവിലെ ഡി.എം.ഒ ഡോ. പി.വി. ശശിധരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. കെ.പി. റീത്ത പാലക്കാട്ടേക്ക് സ്ഥലംമാറിപ്പോയതോടെ ഒരു മാസത്തോളമായി ഈ കസേരയും ഒഴിഞ്ഞുകിടക്കുകയാണ്. പള്‍സ് പോളിയോ, പാലിയേറ്റിവ് ദിനാചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്തുനിന്ന് മുന്‍ ഡി.എം.ഒ ഡോ. നിതാ വിജയനെ നിയോഗിക്കുകയായിരുന്നു. കൃത്യസമയത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാത്തതിനാല്‍ പള്‍സ് പോളിയോ പ്രചാരണം വേണ്ടരീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരം സൂപ്രണ്ട് ഇല്ലാത്തതിനാല്‍ വലിയ പ്രയാസമാണ് നേരിടുന്നത്. ജീവനക്കാരുടെ നിയമനം ഉള്‍പ്പെടെയുള്ളവയും സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ, യോഗ്യതയില്ലാത്ത ഡോക്ടറെ ജില്ലാ ആശുപത്രി സൂപ്രണ്ടായി നിയമിക്കുന്നതിന് ഉന്നത ജനപ്രതിനിധി നീക്കങ്ങള്‍ നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സീനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിയുളവാക്കിയതായാണ് സൂചന. ഡെപ്യൂട്ടി ഡയറക്ടര്‍ പദവി ഉള്ളവരെ മാത്രമേ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് തസ്തികകളില്‍ നിയമിക്കാവൂ എന്നിരിക്കെയാണ് അനധികൃത നിയമനത്തിന് ജനപ്രതിനിധികള്‍ ചരടുവലിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.