വയനാട്ടിലേക്കുള്ള ബദല്‍പാത: കേന്ദ്ര നിര്‍ദേശം കര്‍ണാടക പരിഗണിക്കുന്നു

മാനന്തവാടി: രാത്രിയാത്രാ നിരോധത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. കൊരട്ടഗരെ-മൈസൂരു-ബാവലി സംസ്ഥാനപാത സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ നാഷനല്‍ ഹൈവേയാക്കി ഉയര്‍ത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ സജീവമായി പരിഗണനക്കെടുത്തതായി പൊതുമരാമത്ത് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. കബനി റിസര്‍വോയറിന് മുകളില്‍ ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ച് വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കാനാകും. ആന്ധ്രയിലെ പുട്ടപര്‍ത്തി പെന്നക്കോണ്ടയില്‍ നിന്നും തുടങ്ങുന്ന നാഷനല്‍ ഹൈവേ കൊരട്ടഗരെ, മൈസൂരു, ബാവലി, മാനന്തവാടി, കല്ളോടി, കുറ്റ്യാടി വഴി വടകരയില്‍ എത്തിനില്‍ക്കുന്നതാണ് നിര്‍ദേശം. കൊരട്ടഗരെ മുതല്‍ ബാവലി വരെ ഏകദേശം 300 കി.മീ. ദൂരമാണുള്ളത്. ഇതോടൊപ്പം സോമര്‍വംപേട്ട, മടിക്കേരി, ഗോണിക്കുപ്പ, കുട്ട, മാനന്തവാടി റോഡ് നാഷനല്‍ ഹൈവേ ആക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, ഈ കാര്യത്തില്‍ കേരള സര്‍ക്കാര്‍ മൗനം പുലര്‍ത്തുകയാണ്. കര്‍ണാടകയുടെ നിര്‍ദേശത്തെ പിന്തുണക്കാന്‍ കേരള സര്‍ക്കാര്‍ തയാറായാല്‍ വയനാട്ടുകാരുടെ, പ്രത്യേകിച്ച് മലബാറുകാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടും. രണ്ട് നാഷനല്‍ ഹൈവേ കൂടിയാണ് വയനാട്ടുകാര്‍ക്ക് ലഭിക്കുക. എന്നാല്‍, എന്‍.എച്ച് 212ലെ രാത്രിയാത്രാ നിരോധത്തിന് പുതിയ നാഷനല്‍ ഹൈവേകള്‍ തിരിച്ചടിയാകുമെന്നാണ് കേരള സര്‍ക്കാറിന്‍െറ സമീപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.