ക്വാറി മാഫിയയുടെ ആക്രമണം; രണ്ടുപേര്‍ ആശുപത്രിയില്‍

മീനങ്ങാടി: ക്വാറി മാഫിയയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം സെക്രട്ടറി എം.ജെ. അനീഷ് (25), ഹരിതസേന പ്രവര്‍ത്തകന്‍ കെ.എം. വര്‍ഗീസ് (50) എന്നിവരെയാണ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി മാനന്തവാടിയില്‍നിന്ന് ബൈക്കില്‍ വരുമ്പോള്‍ പനമരം -മീനങ്ങാടി റോഡില്‍ കാര്യമ്പാടിക്കടുത്ത് ചോമാടിയില്‍വെച്ച് അനീഷിനെയും വര്‍ഗീസിനെയും ആക്രമിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ നാലംഗ സംഘം ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഗുരുതര പരിക്കേറ്റ അനീഷിന്‍െറ നാലു പല്ലുകള്‍ നഷ്ടപ്പെടുകയും കൈയുടെ എല്ല് രണ്ടിടത്ത് പൊട്ടുകയും ചെയ്തു. വര്‍ഗീസിന്‍െറ ഇടതു കൈക്ക് പൊട്ടലുണ്ട്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കൃഷ്ണഗിരിക്ക് സമീപം കൊളഗപ്പാറക്ക് കീഴെ പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമിച്ച ക്വാറിക്കും ക്രഷറിനുമെതിരെ പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. ബഹുജന രോഷത്തെ തുടര്‍ന്ന് ക്വാറി തുറന്നുപ്രവര്‍ത്തിക്കാനായില്ല. ആക്ഷന്‍ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തതിന്‍െറ പേരിലാണ് തങ്ങളെ ആക്രമിച്ചതെന്ന് അനീഷും വര്‍ഗീസും പറഞ്ഞു. ക്രഷര്‍ പൂട്ടിക്കുമോടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് വര്‍ഗീസ് പൊലീസിന് മൊഴി നല്‍കി. വെള്ളമുണ്ട, പുളിഞ്ഞാല്‍, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ ക്വാറി നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.