മാവോവാദികളുടെ മോചനത്തിനായി പോരാട്ടം കാമ്പയിന്‍ സംഘടിപ്പിക്കുന്നു

മാനന്തവാടി: കേരളത്തിലെ വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന മാവോവാദികളെ രാഷ്ട്രീയ തടവുകാരായികണ്ട് വിട്ടയക്കണമെന്നാവശ്യപ്പെട്ട് മോചനത്തിനായി പോരാട്ടം കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് പോരാട്ടം മാവോവാദികള്‍ക്കായി പരസ്യ നിലപാട് സ്വീകരിക്കുന്നത്. മാവോവാദികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്റര്‍, ലഘുലേഖ, കൂട്ടായ്മ എന്നിവയിലൂടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ‘സവര്‍ണ ഫാഷിസ്റ്റുകളുടെ ഭീഷണി ഒരുഭാഗത്ത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിച്ചമര്‍ത്തല്‍ മറുഭാഗത്ത്. ഇതിനെല്ലാം കാരണമായ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളുന്നയിച്ചുകൊണ്ടാണ് മാവോവാദികള്‍ സമൂഹത്തെ പുതുക്കിപ്പണിയാനുള്ള അവരുടെ പദ്ധതിയുമായി സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കും നാടുവാഴിത്ത ചൂഷണങ്ങള്‍ക്കുമെതിരെ ജനകീയ പോരാട്ടനിര പടുത്തുയര്‍ത്താന്‍ ഒത്തുചേരണമെന്നും’ കാമ്പയിന്‍െറ ഭാഗമായി ഇറക്കിയ ലഘുലേഖയില്‍ ആഹ്വാനംചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.