സാഹസികതയിലേക്ക് മുഖംമിനുക്കി കര്‍ലാട് തടാകം

കല്‍പറ്റ: വിനോദസഞ്ചാര ഭൂമികയില്‍ കര്‍ലാട് തടാകത്തിന് സാഹസിക ടൂറിസത്തിന്‍െറ തിളക്കം. സിപ്ലൈനും കയാക്കിങ്ങുമടക്കം അഡ്വഞ്ചര്‍ ടൂറിസത്തിന്‍െറ ആകര്‍ഷണീയതകളിലേക്ക് ചേക്കേറിയ കര്‍ലാട് തടാകം പുത്തന്‍ വിസ്മയങ്ങളുമായി മാര്‍ച്ച് അഞ്ചിന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വയനാട് അഡ്വഞ്ചര്‍ ക്യാമ്പ്, കര്‍ലാട് തടാകം എന്ന പുതിയ മേല്‍വിലാസത്തില്‍ സാഹസിക ടൂറിസമാണിനി കര്‍ലാടിന്‍െറ മുഖമുദ്ര. മാര്‍ച്ച് അഞ്ചിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാറാണ് വയനാട് അഡ്വഞ്ചര്‍ ക്യാമ്പിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. തടാകത്തിന് കുറുകെ ഘടിപ്പിച്ചിരിക്കുന്ന സിപ്ലൈന്‍ ആണ് നവീകരിച്ച കര്‍ലാട്ടെ പ്രധാന ആകര്‍ഷണം. ഇതിനു പുറമെ 10 കയാക് ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. വലിയ ടവറില്‍ ഘടിപ്പിച്ച പാനലിലെ വാള്‍ കൈ്ളംബിങ്ങും സഞ്ചാരികള്‍ക്ക് ഹരം പകരും. നേരത്തേയുണ്ടായിരുന്ന പെഡല്‍ ബോട്ട്, റോവിങ് ബോട്ട് സൗകര്യവും തുടര്‍ന്നും കര്‍ലാട് തടാകത്തില്‍ ഉണ്ടാവുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി സാഹസിക ടൂറിസത്തിനായി സജ്ജീകരണങ്ങളൊരുക്കാന്‍ പൂട്ടിയിട്ട ശേഷമാണ് തടാകം അഞ്ചിന് തുറക്കുന്നത്. പുതുവരവില്‍ തടാകത്തോടു ചേര്‍ന്ന് 10 ലക്ഷ്വറി ടെന്‍റുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. ഉദ്ഘാടനത്തിനു പിന്നാലെ നടക്കുന്ന ടെന്‍ഡര്‍ വഴിയാണ് ഇതിന്‍െറ നടത്തിപ്പ് ചുമതല കൈമാറുക. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടൂറിസ്റ്റുകള്‍ക്ക് ടെന്‍റിലെ താമസസൗകര്യം ആസ്വദിക്കാന്‍ സംവിധാനമൊരുക്കും. ഇതിനായി ടെന്‍ഡര്‍ വിളിക്കുന്നവര്‍ക്കു മുന്നില്‍, ടെന്‍റ് വാടകക്ക് നല്‍കാവുന്ന പരമാവധി നിരക്ക് നേരത്തേ അറിയിക്കും. കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റാറന്‍റ് എന്നിവയുടെ നവീകരണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ചെറിയ പരിപാടികള്‍ നടത്താന്‍ ആളുകളെ കര്‍ലാട്ടേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഉദ്ഘാടനത്തിനുശേഷം കൂടുതല്‍ സാഹസിക ഇനങ്ങള്‍ സജ്ജമാക്കും. അമ്പെയ്ത്ത്, പെയ്ന്‍റഡ് ബാള്‍, ലാന്‍ഡ് സോര്‍ബിങ് എന്നിവ വൈകാതെ സജ്ജീകരിക്കാനാണ് പദ്ധതി. ഇതിനായി തടാകത്തിന് അക്കരെയുള്ള ഹൗസിങ് ബോര്‍ഡിന്‍െറ സ്ഥലം പാട്ടത്തിനെടുക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പാട്ടത്തുകയില്‍ ധാരണയിലത്തെിയാലുടന്‍ ഇവിടേക്ക് ടൂറിസം പദ്ധതികള്‍ വ്യാപിപ്പിക്കും. ന്യൂഡല്‍ഹി ആസ്ഥാനമായ ടെക്സോള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ആണ് സാഹസിക ടൂറിസം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.