റെയില്‍വേ ബജറ്റ്: ആശയും ആശങ്കകളുമായി വയനാട്

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോ? കേന്ദ്ര റെയില്‍വേ ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കാനിരിക്കെ ആശയും ആശങ്കകളുമായി കാത്തിരിക്കുകയാണ് വയനാട്. സംസ്ഥാന സര്‍ക്കാറുകള്‍ 50 ശതമാനം ഫണ്ട് നല്‍കാന്‍ തയാറാകുന്ന ഏത് റെയില്‍ പദ്ധതികളും അനുവദിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പോളിസിയാണ് ഇത്തവണ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നത്. പശ്ചാത്തല സൗകര്യമൊരുക്കുന്ന ബാധ്യത സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി കേരളവുമായി റെയില്‍വേ ബോര്‍ഡ് സംയുക്ത സംരംഭത്തിന് ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിച്ച് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുണ്ട്. കേന്ദ്രവുമായി ഒപ്പിട്ട എം.ഒ.യു പ്രകാരം കമ്പനി രൂപവത്കരിച്ച് നടപ്പാക്കുന്ന പദ്ധതികളില്‍ ശബരി പാതക്കും, നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്കും മുന്‍ഗണന നല്‍കുന്നതായി സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ശബര്‍ദന്‍ പാതക്ക് 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചപ്പോള്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്ക് ഒരു കോടി രൂപ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ മലബാറിനോട് പുലര്‍ത്തിയ അവഗണനയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെ കുറ്റകരമായ അനാസ്ഥയുമാണ് വയനാട് റെയില്‍വേ ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കാന്‍ കാരണം. 1881ല്‍ മൈസൂര്‍ നിയമസഭാ ബജറ്റിലാണ് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. 1924ല്‍ ആദ്യ സര്‍വേ നടന്നു. ശ്രദ്ധേയമായ രണ്ട് എന്‍ജിനീയറിങ് ട്രാഫിക് സര്‍വേകള്‍ നടന്നത് 2000ത്തിന് ശേഷമാണ്. 2004ല്‍ നടന്ന സര്‍വേക്കു ശേഷം 2015ലാണ് ഡോ. ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ കൃത്യമായ ഒരു സര്‍വേ നടക്കുന്നത്. ഈ സര്‍വേയിലും ബത്തേരിയില്‍നിന്ന് നിലമ്പൂരിലേക്കുള്ള ദൂരം 80 കിലോമീറ്ററോളം കുറഞ്ഞ് നേര്‍പകുതിയായി. 3000 കോടി രൂപയുടെ നിര്‍മാണ ചെലവാണ് പുതിയ സര്‍വേയില്‍ കുറഞ്ഞത്. പക്ഷേ, ഇതിനിടയിലുള്ള 12 വര്‍ഷം പാഴാവുകയായിരുന്നു. നിര്‍ദിഷ്ട റെയില്‍പാത ലാഭകരമാണെന്നും സര്‍വേയില്‍ കണ്ടത്തെിയതും പദ്ധതിക്ക് അനുഗ്രഹമായി. പദ്ധതി നിര്‍വഹണം ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഈ പദ്ധതിയുടെ നടത്തിപ്പിന് പ്രത്യേകമായി സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ (എസ്.പി.വി) ഇനിയും രൂപവത്കരിച്ചിട്ടില്ല. കേരളത്തിലെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ 50 ശതമാനം ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയാറാണ് എന്നറിയിച്ചിട്ടുണ്ടെങ്കിലും ഈ പദ്ധതിക്കു വേണ്ടി പ്രത്യേകമായ അപേക്ഷ ഇനിയും നല്‍കിയിട്ടില്ല. വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയാറായിട്ടില്ല. അതേസമയം, ശബരിപാതയടക്കം കേരളം ആവശ്യപ്പെടുന്ന മറ്റു പദ്ധതികളില്‍ ഡി.പി.ആര്‍ അടക്കം തയാറാക്കി മുന്നോട്ടുപോയിട്ടുണ്ട്. വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി നടത്തിയ പ്രത്യേക ചുവടുവെപ്പുകളാണ് വയനാട് റെയില്‍വേയെ സംസ്ഥാനം ആവശ്യപ്പെടുന്ന മുഖ്യപദ്ധതികളിലൊന്നായി അവരോധിക്കാന്‍ കാരണമായത്. കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ സന്ദര്‍ശിച്ചും സോണിയ ഗാന്ധി, ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരിലൂടെയും ഈ ആവശ്യമുന്നയിച്ച് ആക്ഷന്‍ കമ്മിറ്റി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇത്തവണയെങ്കിലും വയനാടിന്‍െറ സ്വപ്നം പൂവണിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.