പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

മാനന്തവാടി: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ വിദ്യാഭ്യാസപരമായി ഉന്നതിയിലത്തെിക്കാന്‍ പുതുതായി പഠനമുറികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 626/16 നമ്പര്‍ ഉത്തരവുപ്രകാരം തദ്ദേശവകുപ്പ് ജോയന്‍റ് സെക്രട്ടറി കെ.എസ്. ശോഭനയാണ് ഫെബ്രുവരി 15ന് ഉത്തരവിറക്കിയത്. മാനദണ്ഡങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റിയാണ് മാനദണ്ഡം തയാറാക്കിയത്. നിലവില്‍ വാസയോഗ്യമായ വീടുള്ള പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് അര്‍ഹത. രക്ഷിതാക്കളായിരിക്കണം അപേക്ഷ നല്‍കേണ്ടത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരിക്കണം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളില്‍ 120 ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തീര്‍ണം ഉണ്ടായിരിക്കണം. നിലവിലുള്ള മുറി പഠനമുറിയാക്കുകയല്ല, പുതുതായി നിര്‍മിക്കുകയാണ് വേണ്ടത്. എസ്റ്റിമേറ്റ് തയാറാക്കി എന്‍ജിനീയര്‍ മെഷര്‍മെന്‍റ് എടുക്കണം, പരമാവധി ലക്ഷം രൂപ വരെ ചെലവഴിക്കാം, പട്ടികജാതി-വര്‍ഗ വകുപ്പില്‍നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവര്‍ തദ്ദേശ സ്ഥാപനത്തില്‍നിന്നും ധനസഹായത്തിന് അര്‍ഹരല്ല, ഇതിന് ഇരുവകുപ്പുകളുടെയും എന്‍.ഒ.സി ലഭ്യമാക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2016-17ലെ പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ട് വെക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പ്ളാന്‍ഫണ്ടില്‍ തുക വകയിരുത്തും. ഗ്രാമസഭയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അതേ മാനദണ്ഡമാണ് ഇതിലും അവലംബിക്കേണ്ടത്. ഊരുകൂട്ടങ്ങള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്. മേശ, കസേര തുടങ്ങി പഠനത്തിനാവശ്യമായ ഉപകരണങ്ങളും പഠനമുറി പദ്ധതിവഴി ലഭ്യമാക്കും. മുമ്പ് പഠനവീട് പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് ഓരോ വീടുകളിലെയും വിദ്യാര്‍ഥികള്‍ക്കുവേണ്ടി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി ഫണ്ടുകള്‍ നീക്കിവെച്ചുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.