മാനന്തവാടിയില്‍ ജനമൈത്രി എക്സൈസ് സ്ക്വാഡിന് അനുമതി

മാനന്തവാടി: മദ്യത്തിന്‍െറയും മയക്കുമരുന്നുകളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും തടയുന്നതിനും ജില്ലയിലെ ആദിവാസി മേഖലകളില്‍ ജനമൈത്രി എക്സൈസ് സ്ക്വാഡ് രൂപവത്കരിക്കുന്നതിന് കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി പട്ടികവര്‍ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. മാനന്തവാടി ആസ്ഥാനമായായിരിക്കും സ്ക്വാഡ് പ്രവര്‍ത്തിക്കുക. 15 എക്സൈസ് ഉദ്യോഗസ്ഥരുടെ തസ്തിക സൃഷ്ടിച്ചാണ് ജനമൈത്രി എക്സൈസ് സ്ക്വാഡ് രൂപവത്കരിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഈ സംവിധാനം വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പട്ടികവര്‍ഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന വയനാട്ടിലും സ്ക്വാഡ് രൂപവത്കരിക്കുന്നതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചത്. എക്സൈസ് കമീഷണറും വയനാട് ജില്ലാ കലക്ടറും സര്‍ക്കാറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമാണ് ഒരു ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് അടക്കം ജനമൈത്രി എക്സൈസ് സ്ക്വാഡ് രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഒരു എക്സൈസ് സര്‍ക്ള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍-1, അസിസ്റ്റന്‍റ്് എക്സൈസ് ഇന്‍സ്പെക്ടര്‍-1, പ്രിവന്‍റിവ് ഓഫിസര്‍-3, സിവില്‍ എക്സൈസ് ഓഫിസര്‍-8, എക്സൈസ് ഡ്രൈവര്‍-1 എന്നീ തസ്തികകളിലുള്ളവര്‍ സ്ക്വാഡിലുണ്ടായിരിക്കും. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനവും മദ്യവിരുദ്ധ പ്രവര്‍ത്തനവും ശക്തമാക്കുന്നതിന് പുതിയ ജനമൈത്രി യൂനിറ്റ് സഹായകമാകും. ആദിവാസി മേഖലകളില്‍ വ്യാജവാറ്റ് ഉള്‍പ്പെടെയുള്ളവ തടയുന്നതിനും ജനമൈത്രി എക്സൈസിന്‍െറ പ്രവര്‍ത്തനംമൂലം കഴിയും. അട്ടപ്പാടിയിലെ മദ്യ ഉപഭോഗവും ലഹരിയുപയോഗവും വര്‍ധിച്ചതുമൂലം ശിശുമരണങ്ങള്‍ വര്‍ധിക്കുകയും ദേശീയശ്രദ്ധ നേടുകയും ചെയ്തിരുന്നു. പോഷകാഹാരക്കുറവിനും മദ്യപാനം കാരണമായതായി പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവിടെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനമൈത്രി എക്സൈസ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന് വലിയതോതിലുള്ള ജനപിന്തുണയും ലഭിച്ചതോടെയാണ് വയനാട്ടിലും പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.