പദ്ധതികള്‍ വെറുതെയാകുന്നു: ഇരുളത്ത് കുടിവെള്ളം മുട്ടി ആദിവാസി കുടുംബങ്ങള്‍

പുല്‍പള്ളി: ഇരുളം അങ്ങാടിശ്ശേരിയിലേയും വിജയന്‍ കുന്നിലേയും ആദിവാസി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു. അങ്ങാടിശ്ശേരിക്കടുത്ത നായരുകവലയിലെ 50ഓളം കുടുംബങ്ങളും ചുണ്ടക്കൊല്ലിക്കടുത്ത വിജയന്‍ കുന്നിലും കൃഷ്ണന്‍ കുന്നിലും 100ഓളം കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് കുടിവെള്ളത്തിനായി പദ്ധതി നടപ്പാക്കിയെങ്കിലും ഇതിന്‍െറ പ്രയോജനം ലഭിക്കുന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ രണ്ടുപ്രദേശങ്ങളിലും ജലപദ്ധതികള്‍ നടപ്പാക്കിയത്. എല്ലാ വീടുകളിലും പൈപ്പ് കണക്ഷനുകളിലൂടെ വെള്ളമത്തെിക്കാനായിരുന്നു പദ്ധതി. ഇതിനായി എല്ലാ വീടുകളിലും കണക്ഷനും നല്‍കി. എന്നാല്‍, ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല. അങ്ങാടിശ്ശേരിയില്‍ ചതുപ്പുസ്ഥലത്താണ് കിണര്‍ നിര്‍മിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്നത് അഴുക്കുനിറഞ്ഞ വെള്ളമാണ്. ഇത് കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഒരു കി.മീറ്ററോളം അകലെയുള്ള വനത്തിലെ നീര്‍ച്ചാലിനെയാണ് കുടുംബങ്ങള്‍ ആശ്രയിക്കുന്നത്. വിജയന്‍ കുന്നിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടത്തൊന്‍ കൂറ്റന്‍ ടാങ്കുകളിലടക്കം വെള്ളം നിറച്ചിട്ടുണ്ട്. എന്നാല്‍, വെള്ളം വിതരണം ചെയ്യുന്നില്ല. ഒരുമാസം മുമ്പ് രണ്ടുദിവസം മാത്രം വെള്ളം വിതരണം ചെയ്തു. പൈപ്പുകള്‍ പലയിടത്തും പൊട്ടിയതോടെ പിന്നീട് നടന്നില്ല. അഞ്ചുവര്‍ഷം മുമ്പ് വനംവകുപ്പിന്‍െറ കാപ്പിത്തോട്ടം കൈയേറിയ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയിലുള്‍പ്പെട്ട പ്രദേശങ്ങളാണ് വിജയന്‍ കുന്നും കൃഷ്ണന്‍ കുന്നുമെല്ലാം. കുന്നിന്‍ മുകളിലുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ കുടുംബങ്ങളും കഴിയുന്നത്. വേനല്‍ ശക്തമായതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലെല്ലാം വെള്ളം വറ്റിത്തുടങ്ങി. ഇതോടെ വെള്ളം കിട്ടാക്കനിയായി മാറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.