മാലിന്യപ്രശ്നം: സമരത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാലിന്യം വലിച്ചെറിഞ്ഞു

മാനന്തവാടി: ബി.ജെ.പി നഗരസഭ മാര്‍ച്ചിനിടെ മാലിന്യനിക്ഷേപം. എ.എസ്.ഐക്ക് പരിക്ക്. 35 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നഗരത്തിലെ ഓടകളിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാലിന്യവുമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്ത് മാനന്തവാടി നഗരസഭ ഓഫിസിനുമുന്നിലത്തെിയത്. ഈ സമയം യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്കുമുന്നില്‍ ധര്‍ണ നടത്തുന്നുണ്ടായിരുന്നു. ഗേറ്റിനുമുന്നിലും പൊലീസ് നിലയുറപ്പിച്ചിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് അഖില്‍ പ്രേമിന്‍െറ നേതൃത്വത്തില്‍ മാലിന്യം നഗരസഭ ഓഫിസിലേക്കും പൊലീസിനുനേരെയും വലിച്ചെറിയുകയായിരുന്നു. സമരം നടത്തുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ദേഹത്തും മാലിന്യം പതിച്ചു. തുടര്‍ന്ന് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടയുന്നതിനിടെയാണ് എ.എസ്.ഐ കൃഷ്ണദാസിന് പരിക്കേറ്റത്. പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സമരം ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം എ.പി. ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വില്‍ഫ്രഡ് ജോസ് അധ്യക്ഷത വഹിച്ചു. കണ്ണന്‍ കണിയാരം, ജി.കെ. മാധവന്‍, സി. അഖില്‍പ്രേം, വിജയന്‍ കൂവണ, ജിതിന്‍ഭാനു, രജിത അശോകന്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, അന്യായമായ സംഘംചേരല്‍, സര്‍ക്കാര്‍ ഓഫിസിലേക്ക് മാലിന്യം നിക്ഷേപിക്കല്‍, സര്‍ക്കാര്‍ ഓഫിസിലേക്കുള്ള മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, പൊലീസിന്‍െറ ജോലി തടസ്സപ്പെടുത്തുകയും ദേഹത്ത് മാലിന്യം നിക്ഷേപിക്കുക, പൊലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പിക്കുക എന്നീ വകുപ്പുകള്‍പ്രകാരം അഖില്‍പ്രേം, മനോജ്, കണ്ണന്‍ കണിയാരം, സനല്‍, രഞ്ജിത് കണിയാരം, ജി.കെ. മാധവന്‍, ശ്യാം ജിതിന്‍ഭാനു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 35ഓളം പേര്‍ക്കെതിരെ നഗരസഭ സെക്രട്ടറിയുടെ പരാതിപ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം, പൊലീസ് ആക്രമിച്ചെന്നാരോപിച്ച് മഹിള മോര്‍ച്ച നേതാക്കളായ രജിത അശോകന്‍, വിവിത ഗിരീഷ് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.