എച്ച്.എം.എല്‍ ബോണസ് സമരം: ദേശീയപാത ഉപരോധം സി.പി.എം ഏറ്റെടുത്തു

കല്‍പറ്റ: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍െറ തോട്ടങ്ങളിലെ ബോണസ് പ്രശ്നം പരിഹരിക്കാത്തതില്‍ ഫെബ്രുവരി 20 മുതല്‍ വൈത്തിരിയില്‍ ദേശീയപാത ഉപരോധിക്കും. പ്രശ്നംപരിഹരിക്കാന്‍ മാനേജ്മെന്‍റ് തയാറാകാത്ത സാഹചര്യത്തില്‍ തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി സമരസഹായസമിതി രൂപവത്കരിച്ച് സമരത്തിന് നേതൃതം നല്‍കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ അഞ്ചിനാണ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. യൂനിയന്‍ ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ ചുണ്ടേല്‍ ഡിവിഷന്‍ ഓഫിസിനുമുന്നിലാണ് സമരത്തിന് തുടക്കമിട്ടത്. പരിഹാരമുണ്ടാകാത്തതിനാല്‍ 15 മുതല്‍ മൂന്നു കേന്ദ്രങ്ങളില്‍കൂടി സമരം ആരംഭിച്ചു. ചര്‍ച്ചക്ക് വരാന്‍പറ്റില്ളെന്ന നിലപാടാണ് മാനേജ്മെന്‍റിന്‍േറതെന്നാണ് ലേബര്‍കമീഷണര്‍ പറയുന്നതെന്നും ഈ നിലപാട് ജനകീയ പ്രക്ഷോഭങ്ങളുടെ നാടായ കേരളത്തിന് അംഗീകരിക്കാനാവില്ളെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. ജില്ലയിലെ മറ്റു തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് ലഭിച്ചിട്ടും ഹാരിസണ്‍ കമ്പനി തൊഴിലാളിവിരുദ്ധ സമീപനം തുടരുകയാണ്. യൂനിയനുകളുമായി ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമായി 8.33 ശതമാനം ബോണസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 20 ശതമാനം വേണമെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. കുറഞ്ഞ ബോണസ് പ്രഖ്യാപിച്ച ഹാരിസണ്‍ മലയാളം കമ്പനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 2015 സെപ്റ്റംബറില്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തി. മന്ത്രിമാരുടെ ഉപസമിതിയോഗം ബോണസ് പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഉപസമിതിയുടെ യോഗംപോലും ഇതുവരെ ചേര്‍ന്നിട്ടില്ല. ജില്ലയില്‍ എച്ച്.എം.എല്ലിന്‍െറ അച്ചൂര്‍, സെന്‍റിനല്‍റോക്ക്, അരപ്പറ്റ, ചുണ്ടേല്‍ എന്നി ഡിവിഷനുകീഴില്‍ 6000ത്തോളം തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ ജോലിചെയ്യുന്നത് വയനാട്ടിലാണ്. തൊഴിലാളികളുടെ കാര്യത്തില്‍ തോട്ടമുടമകളെ സഹായിക്കുന്ന നിലപടാണ് സര്‍ക്കാറും കൈക്കൊള്ളുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. തോട്ടം തൊഴിലാളികള്‍ ഇടുക്കിയില്‍ സമരം നടത്തിയ സന്ദര്‍ഭത്തില്‍ വയനാട്ടില്‍ ദേശീയപാത ഉപരോധിക്കല്‍ സമരം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.