സ്വകാര്യബസുകള്‍ക്ക് എതിരല്ളെന്ന് യാത്രക്കാരുടെ അസോസിയേഷന്‍

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് സര്‍വിസുകള്‍ക്കെതിരായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ളെന്നും കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സമയക്രമം പാലിച്ച് ഓടി യാത്രക്കാരുടെ പ്രശ്നം പരിഹരിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കേണിച്ചിറ ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞദിവസം ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍പണിമുടക്ക് നടത്തിയത് ന്യായീകരിക്കാനാവില്ല. ചൊവ്വാഴ്ച തൊഴിലാളികള്‍ നേരത്തെ അറിയിച്ച് സമരം നടത്തിയതിനെ എതിര്‍ക്കുന്നില്ല. 2009ല്‍ അനുവദിക്കപ്പെട്ടിട്ടും ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടാതിരുന്നത് അധികൃതരുടെ തെറ്റായ നിലപാട് മൂലമാണ്. ഇതിനാലാണ് 2015 ജൂലൈ മുതല്‍ അസോസിയേഷന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ഉന്നത അധികൃതരെയടക്കം നേരിട്ടുകണ്ടു. നിരവധിതവണ തിരുവനന്തപുരത്തു പോയി കെ.എസ്.ആര്‍.ടി.സി എം.ഡിയെയടക്കം സന്ദര്‍ശിച്ചു. പല ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുത്തു. എന്നാല്‍, ബത്തേരി മുന്‍ എ.ടി.ഒ, വയനാട് ആര്‍.ടി.ഒ എന്നിവര്‍ മോശമായി പെരുമാറി. ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസുടമകളില്‍നിന്ന് പണം കൈപ്പറ്റി കെ.എസ്.ആര്‍.ടി.സിക്ക് പാരവെച്ചു. ഹൈകോടതിയുടെ ഇടപെടല്‍മൂലം ഈ റൂട്ടില്‍ 10 കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യ ബസുകള്‍ സമയക്രമം പാലിക്കാതെ മിക്കവാറും ഓടുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുന്നുണ്ട്. ഇതില്‍നിന്ന് പിന്മാറിയില്ളെങ്കില്‍ നിയമനടപടി സ്വീകരിക്കും. അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. പ്രദീപ്, വൈസ് പ്രസിഡന്‍റ് ടോമി ദേവസ്യ, സെക്രട്ടറി വി.എസ്. പങ്കജാക്ഷന്‍, എം.എന്‍. വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.