കുരങ്ങുമരണങ്ങള്‍ അതീവ ഗൗരവത്തോടെ കാണണം –കലക്ടര്‍

കല്‍പറ്റ: ഈവര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ കുരങ്ങുമരണങ്ങളും അതീവ ഗൗരവത്തോടെ എടുക്കാന്‍ നിര്‍ദേശം. കുരങ്ങുപനി സംബന്ധിച്ച് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ സംയുക്തയോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറാണ് നിര്‍ദേശം നല്‍കിയത്. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനുവരി 27ന് പനിബാധിച്ച 48കാരന് രക്തപരിശോധനയിലൂടെ ഫെബ്രുവരി നാലിനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇദ്ദേഹമിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കുരങ്ങ് ചത്തിട്ടുണ്ടെങ്കില്‍ ആ മേഖലയില്‍ കുരങ്ങുപനി ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുരങ്ങുപനി ബാധിച്ചാല്‍ കുരങ്ങ് അവശനാവും. അതിനാല്‍ മരത്തില്‍നിന്ന് വീണുമരിക്കാന്‍ പോലും സാധ്യതയുണ്ട്. കുരങ്ങ് ഏതുരീതിയില്‍ മരിച്ചാലും റിപ്പോര്‍ട്ട് ചെയ്യണം. കുരങ്ങുപനി സംബന്ധിച്ച് വനം, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു. കുരങ്ങുപനിക്കെതിരായ വാക്സിനേഷന്‍ എടുക്കാത്ത ആരെയും വനത്തിലേക്ക് കടത്തിവിടരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. വനത്തില്‍ പ്രവേശിക്കാന്‍ വാക്സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. തൊഴിലുറപ്പുപദ്ധതിയില്‍ വനത്തിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും വാക്സിനേഷന്‍ നടത്തണം. വനത്തില്‍ ജോലിക്കായി പോവുന്ന ജീവനക്കാരും സുരക്ഷാമുന്‍കരുതലെടുക്കണം. കുരങ്ങുപനി സംബന്ധിച്ച കേസുകള്‍ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും റിപ്പോര്‍ട്ട് ചെയ്യണം. താലൂക്ക് തലത്തില്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് കുരങ്ങുപനി സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം മുള്ളന്‍കൊല്ലി, പുല്‍പള്ളി, പൂതാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലുമാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ ഇവിടങ്ങളിലാണ് പ്രതിരോധ വാക്സിന്‍ നല്‍കിവരുന്നത്. കുരങ്ങുപനിക്കെതിരായ വാക്സിന്‍െറ വേണ്ടത്ര ശേഖരം ആരോഗ്യവകുപ്പിന്‍െറ കൈയിലുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചു. മൂന്നുഘട്ടമായാണ് വാക്സിനേഷന്‍ നടത്തുന്നത്. കുരങ്ങുപനി രക്തസാമ്പ്ള്‍ നിലവില്‍ മണിപ്പാലില്‍ അയച്ചാണ് പരിശോധിക്കുന്നത്. ജില്ലയില്‍ വൈറോളജി ലാബ് സ്ഥാപിക്കുന്നതിന്‍െറ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്ന് ഡി.എം.ഒ അറിയിച്ചു. കാട്ടില്‍ മേയ്ക്കുന്ന പശുക്കള്‍, നായ്ക്കള്‍ എന്നിവയിലെ ചെള്ളുവഴി കുരങ്ങുപനി പകരാന്‍ ഇടയുള്ളതിനാല്‍ വളര്‍ത്തുപശുക്കളിലും വളര്‍ത്തുനായ്ക്കളിലും ലേപനം പുരട്ടി ചെള്ളിനെ നിര്‍മാര്‍ജനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായുള്ള ലേപനങ്ങള്‍ ഒരാഴ്ചക്കകം വാങ്ങി ഗുണഭോക്താക്കളിലത്തെിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തവണ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് വനത്തില്‍ പോവാത്ത, കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ട ഒരാള്‍ക്കാണെന്നതിന്‍െറ പശ്ചാത്തലത്തിലാണിത്. പശുക്കളില്‍ ഫ്ളൂമെത്രിന്‍, നായ്ക്കളില്‍ ഡെല്‍ട്ടാമെത്രിന്‍, സൈപ്പര്‍മെത്രിന്‍ എന്നിവയാണ് ചെള്ളിനെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ മൃഗങ്ങളുടെ ദേഹത്തുപുരട്ടി പത്തുമിനിറ്റിന് ശേഷം കഴുകിക്കളയണമെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോ. ദിലീപ് ഫല്‍ഗുനന്‍ അറിയിച്ചു. ഇത് ആഴ്ചയിലോ രണ്ടാഴ്ചയിലോ ചെയ്യണം. യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. നീത വിജയന്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.