ഗ്രാമങ്ങള്‍ ഫുട്ബാള്‍ ആവേശത്തിലേക്ക്

വൈത്തിരി: സീസണുകള്‍ ആരംഭിച്ചതോടെ ജില്ലയിലെ ഗ്രാമാന്തരങ്ങളില്‍ കാല്‍പന്തുകളിയുടെ ദ്യശ്യചാരുതകള്‍ക്ക് മിഴിവേറുന്നു. സെവന്‍സ്, ഫൈവ്സ് ഇനങ്ങളിലായി നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങള്‍ ഓരോ ഗ്രാമങ്ങളിലും സമ്മാനിക്കുന്നത് ആഘോഷങ്ങളുടെ രാവുകളാണ്. ജില്ലയില്‍ ഇത്തരത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയോളം ഫുട്ബാള്‍ മേളകള്‍ക്കാണ് വിവിധ ക്ളബുകള്‍ തുടക്കംകുറിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ചികിത്സാ സഹായത്തിനും ധനസമാഹരണത്തിനും വേണ്ടിയാണ് ക്ളബുകള്‍ ഭൂരിഭാഗവും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി കാലങ്ങളില്‍ നടക്കുന്ന ഒരു ദിവസം മുതല്‍ പത്തും പതിനെഞ്ചും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഫ്ളഡ്ലിറ്റ് ഫുട്ബാള്‍ മേളകള്‍ക്കാണ് ആവേശം കൂടുതല്‍ പ്രകടമാകുന്നത്. സെവന്‍സ് ഫുട്ബാളിനാണ് കമ്പക്കാര്‍ അധികവും. മത്സരത്തിന് ദിവസങ്ങള്‍ക്ക് മുന്നേ കളി മുഴുവന്‍ ആസ്വദിക്കാനുള്ള സീസണ്‍ ടിക്കറ്റുകള്‍ വിറ്റുപോവുന്നതിനാല്‍ നിരവധി ഭാഗങ്ങളില്‍നിന്നായി നിറയെ കാണികളെ ലഭിക്കുന്നതും പതിവാണ്. പൊഴുതന, മേപ്പാടി, പിണങ്ങോട്, കമ്പളക്കാട്, അമ്പലവയല്‍, വള്ളിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ മൈതാനങ്ങള്‍ മത്സരങ്ങളുടെയും കാണികളുടെയും കളിക്കാരുടെയും സാന്നിധ്യംകെണ്ട് സമ്പന്നമാണ്. സ്വന്തം ക്ളബുകളിലെ കളിക്കാര്‍ക്ക് പുറമെ വിദേശ രാജ്യങ്ങളായ നൈജീരിയന്‍, സുഡാന്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളുടെ സാന്നിധ്യം പ്രധാന ടൂര്‍ണമെന്‍റിലെ പ്രത്യേകതയായി മാറിയിരിക്കുകയാണ്. എഫ്.സി കൊച്ചിന്‍ താരം ബാബ തുണ്ടെ അടക്കമുള്ളവര്‍ ഇത്തരം ടൂര്‍ണമെന്‍റുകളുടെ ആവേശകാഴ്ചയാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ ടീമും നല്ല തുകക്കാണ് വിദേശ താരങ്ങളെ കളിക്കിറക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയോളം സമ്മാനം നല്‍കാന്‍ തുടങ്ങിയതോടെ ആഘോഷങ്ങളാവുകയാണ് മേളകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.