ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സബ് കലക്ടറെ മാറ്റി

മാനന്തവാടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സബ് കലക്ടര്‍ ശീറാം സാംബശിവറാവുവിനെ സര്‍ക്കാര്‍ നീക്കം ചെയ്തു. പകരം ചുമതല നല്‍കിയ എ.ഡി.എം പി.വി. ഗംഗാധരനെ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം സ്ഥലംമാറ്റി. ഇതോടെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഭരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ഡി.ടി.പി.സിയുടെ 50 ലക്ഷം രൂപ വകമാറ്റി പ്രിയദര്‍ശിനി തേയിലത്തോട്ടത്തില്‍ ചെലവഴിച്ചതും കര്‍ളാട് ടൂറിസം കേന്ദ്രം പരിസ്ഥിതിക്ക് ദോഷമാകുന്ന തരത്തില്‍ വികസിപ്പിക്കുന്നതിന് എതിര് നിന്നതുമാണ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ കാരണമെന്നാണ് സൂചന. ആറ് വര്‍ഷത്തോളമായി സബ് കലക്ടര്‍മാരാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. അതിന് മുമ്പ് എ.ഡി.എമ്മുമാരായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. ഭരണപരമായ സൗകര്യത്തിനാണ് സെക്രട്ടറി ചുമതല മാറ്റിയതെന്നാണ് സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വിശദീകരണം. ഡി.ടി.പി.സിയുടെ ഓഫിസ് പ്രവര്‍ത്തനം കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തും മെംബര്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനം മാനന്തവാടിയിലുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുപോലും സെക്രട്ടറിയുടെ ഒപ്പിനായി മാനന്തവാടിയിലേക്ക് ജീവനക്കാര്‍ വന്നുപോകേണ്ടതായി വന്നിരുന്നു. നാഥനില്ലാതാവുന്നത് മാര്‍ച്ചിന് മുമ്പ് തീരേണ്ട ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാനിടയാക്കിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.