മൂന്ന് ഡിപ്പോകളിലും രണ്ട് ലോ ഫ്ളോര്‍ സര്‍വിസുകള്‍ കൂടി ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: ഒരു ദശാബ്ദക്കാലത്തെ കാത്തിരിപ്പിന് അറുതി വരുത്തി മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് ആരംഭിച്ചു. മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍ അഞ്ചുവീതം ബസുകളാണ് വ്യാഴാഴ്ച ഓടിത്തുടങ്ങിയത്. ഓരോ ബസും നിത്യേന മൂന്ന് ട്രിപ്പുകള്‍ വീതം ബത്തേരി-മാനന്തവാടി സര്‍വിസ് നടത്തും. ഒരു ട്രിപ് പനമരത്ത് അവസാനിപ്പിച്ച് മടങ്ങും. നിലവില്‍ സ്വകാര്യ ബസുകളുടെ കുത്തക നിലനില്‍ക്കുന്ന റൂട്ടാണിത്. പി. കൃഷ്ണപ്രസാദ് എം.എല്‍.എ ആയിരിക്കെയാണ് ബത്തേരി-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസിന് നീക്കമാരംഭിച്ചത്. എന്നാല്‍, സ്വകാര്യ ലോബിയുടെ സമ്മര്‍ദത്തില്‍ പദ്ധതി അട്ടിമറിക്കപ്പെട്ടു. 2015 ഏപ്രില്‍ 22ന് പദ്ധതി ഭാഗികമായി നടപ്പാക്കി മൂന്ന് ബസുകള്‍ വീതം ഓടിത്തുടങ്ങിയെങ്കിലും അധികകാലം പിടിച്ചുനില്‍ക്കാനായില്ല. സ്വകാര്യ ബസുകളുടെ മത്സരഓട്ടവും സര്‍ക്കാര്‍ ബസുകളുടെയും ജീവനക്കാരുടെയും പരിമിതിയുമായിരുന്നു പ്രശ്നം. സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദത്തിന് ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വഴങ്ങിയതായും ആക്ഷേപമുയര്‍ന്നിരുന്നു. ചെയിന്‍ സര്‍വിസ് നടത്താന്‍ അഞ്ച് ബസുകള്‍ക്ക് വീതം ഇരുഡിപ്പോകളിലും പെര്‍മിറ്റ് നല്‍കിയെങ്കിലും പുതിയ ബസുകള്‍ അനുവദിക്കാന്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല. അഞ്ച് പുതിയ ബസുകള്‍ വീതം ഈ സര്‍വിസിനായി ഡിപ്പോ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ബസുകള്‍ വീതം അനുവദിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല. പുതിയ ബസുകള്‍ ലഭിക്കാത്തപക്ഷം ചെയിന്‍ സര്‍വിസിന് ഏറെ ആയുസുണ്ടാവില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ബത്തേരി ഡിപ്പോയില്‍ ഷെഡ്യൂളുകളുടെ എണ്ണം നൂറിനോടടുക്കുകയാണ്. 65 ഓര്‍ഡിനറി ബസുകളും ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് ഇനങ്ങളിലായി 31 ബസുകളും നാല് ലോ ഫ്ളോര്‍ ബസുകളുമാണ് ബത്തേരി ഡിപ്പോയില്‍ ഇപ്പോഴുള്ളത്. നാല് ലോ ഫ്ളോര്‍ സര്‍വിസുകളടക്കം നിത്യേന 97 ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യണം. ആകെയുള്ള നൂറ് ബസുകളില്‍ ഭൂരിഭാഗവും പതിറ്റാണ്ട് പിന്നിട്ടതും പഴക്കമേറിയതുമാണ്. ബസുകള്‍ കേടായാല്‍ പകരം അയക്കാന്‍ ബസുണ്ടാവില്ല. സ്പെയര്‍ പാര്‍ട്സുകളുടെയും ടയറുകളുടെയും പരിമിതി മൂലം പലപ്പോഴും പത്തിലധികം ബസുകള്‍ കട്ടപ്പുറത്താവും. പുതുതായി ആരംഭിച്ച മാനന്തവാടി-ബത്തേരി ചെയിന്‍ സര്‍വിസ് മുടക്കംകൂടാതെ നിലനിര്‍ത്തണമെങ്കില്‍ മറ്റ് ഗ്രാമീണ റൂട്ടുകളില്‍നിന്ന് ബസുകള്‍ പിന്‍വലിക്കേണ്ടിവരും. ബത്തേരി ഡിപ്പോയില്‍നിന്ന് കൊളഗപ്പാറ-അമ്പലവയല്‍ വഴി മേപ്പാടിയിലേക്ക് രണ്ട് ലോ ഫ്ളോര്‍ സര്‍വിസുകള്‍ ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്. മാനന്തവാടി, കല്‍പറ്റ ഡിപ്പോകളിലും രണ്ടുവീതം ലോ ഫ്ളോര്‍ സര്‍വിസുകള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.