വെള്ളമുണ്ട: അഴിമതിയുടെ നേര്‍ചിത്രമായ ആദിവാസി വികസന പദ്ധതികള്‍ക്ക് കാട്ടുനായ്ക്കര്‍ തിരുത്തെഴുതുന്നു. പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ ബാണാസുരമല നിരകളിലെ കാട്ടുനായ്ക്കരാണ് മുഖ്യധാര സമൂഹത്തിന് പോലും മാതൃകയായ മുന്നേറ്റം നടത്തുന്നത്. പന്തിപ്പൊയിലില്‍നിന്ന് രണ്ടരക്കിലോമീറ്ററോളം മലകയറിയാല്‍ പത്തരകുന്നിലെ അംബേദ്കര്‍ കോളനിയിലത്തെും. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ ജീവിതമുറപ്പിച്ച മുപ്പതിലധികം കുടുംബങ്ങളും ഇതിന് തൊട്ടടുത്ത കൊയ്റ്റുപാറയിലെ ഇരുപതോളം കുടുംബങ്ങളുമാണ് വീട് നിര്‍മാണത്തിലും റോഡ് നിര്‍മാണത്തിലും പതിവുരീതിതെറ്റിച്ച് മുന്നേറുന്നത്. കാട്ടുനായ്ക്ക പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വീട് നിര്‍മാണത്തിനനുവദിച്ച മൂന്നരലക്ഷം രൂപ കൊണ്ട് മനോഹരമായ കിടപ്പാടം ഒരുക്കി ശ്രദ്ധയാകര്‍ഷിക്കുകയാണിവര്‍. 450 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചത്. നിലത്ത് ടൈല്‍ ഉള്‍പ്പെടെ പാകി. ചുമരും മറ്റും പെയിന്‍റടിച്ച് മുഴുവന്‍ പണിയും തീര്‍ത്താണ് താമസയോഗ്യമാക്കിയത്. കോളനിയിലേക്കുള്ള പാത ഇന്‍റര്‍ലോക്ക് പതിച്ച് മറ്റൊരു വിജയഗാഥയും ഇവര്‍ ഉയര്‍ത്തുന്നു. ദുര്‍ഘട പാതകള്‍ കോളനിയില്‍ കാണാനേയില്ല. കരാറുകാരനെ ഏല്‍പിച്ച് മാറിനില്‍ക്കലല്ല, എല്ലാ പണിയിലും തങ്ങളാലാവുന്നതും ചെയ്താണ് നിര്‍മാണം. കുട്ടികളെ വിദ്യാലയത്തിലയക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സര്‍ക്കാര്‍ നല്‍കുന്ന സഹായധനങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്താനും ഇവര്‍ കാട്ടുന്ന ജാഗ്രത പ്രതീക്ഷ നല്‍കുന്നതാണ്. വറുതിയുടെ കുടിലുകളില്‍നിന്ന് കാടിനോട് ചേര്‍ന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് ഇല്ലായ്മകളിലൂടെ കടന്നുപോയതായിരുന്നു ഇവരുടെ മുന്‍ ചരിത്രം. സര്‍ക്കാര്‍ പതിച്ചുനല്‍കിയ 50 സെന്‍റ് സ്ഥലത്ത് മണ്ണിനോട് പൊരുതി ഇവര്‍ സമൂഹ ജീവിതത്തിന്‍െറ മറ്റൊരു പാഠം പഠിക്കുകയായിരുന്നു. പുതിയ വീടുകള്‍ കൂടി അനുവദിച്ചതോടെ ഇവരുടെ ജീവിതത്തിലും സന്തോഷമത്തെി. വയനാട്ടില്‍ മാത്രമാണ് കാട്ടുനായ്ക്ക വിഭാഗം ഇന്ന് സജീവമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.