അരിവാള്‍ രോഗികളുടെ ആവശ്യത്തിന് അംഗീകാരം

മാനന്തവാടി: മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും (സിക്കിള്‍ സെല്‍ അനീമിയ) പെന്‍ഷന്‍ നടപ്പാക്കണമെന്ന ദീര്‍ഘകാല ആവശ്യത്തിന് ഒടുവില്‍ സര്‍ക്കാര്‍ അംഗീകാരം. എല്ലാ രോഗികള്‍ക്കും പ്രതിമാസം 2000 രൂപ വീതം സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായി. അരിവാള്‍ രോഗി കൂട്ടായ്മ സെക്രട്ടറി സി.ഡി. സരസ്വതിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഈ ആവശ്യമുന്നയിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചെങ്കിലും ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാക്കി ചുരുക്കുകയായിരുന്നു. എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന് സരസ്വതിയുടെ നേതൃത്വത്തിലുള്ള സംഘം നിവേദനത്തിലൂടെയും നേരിട്ടും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവരികയായിരുന്നു. 637 ആദിവാസി വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും 300 മറ്റ് വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്നാണ് സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്ക്. എന്നാല്‍, 2000ഓളം രോഗികളുണ്ടെന്നാണ് കൂട്ടായ്മക്കാര്‍ പറയുന്നത്. ഇവര്‍ക്കുകൂടി പെന്‍ഷന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. അതേസമയം, ജില്ലാ ആശുപത്രിയില്‍ അരിവാള്‍ രോഗികള്‍ക്ക് മാത്രമായി ഒരു വാര്‍ഡ് എന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വാര്‍ഡ് നിര്‍മിച്ചെങ്കിലും ജീവനക്കാര്‍ അവ കൈയേറി ഉപയോഗിച്ചുവരികയാണ്. നിലവില്‍ മുട്ടില്‍ വിവേകാനന്ദയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് രോഗികള്‍ ചികിത്സതേടുന്നത്. ജില്ലാ ആശുപത്രിയില്‍ വാര്‍ഡ് തുറന്നാല്‍ കോഴിക്കോട് വരെ യാത്ര ചെയ്യേണ്ട പ്രയാസം രോഗികള്‍ക്ക് ഒഴിവാക്കാനാകും. ആദിവാസികളും ചെട്ടിസമുദായത്തില്‍പെട്ടവര്‍ക്കിടയിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കുട്ടികളില്‍പോലും ഇപ്പോഴും രോഗം കണ്ടുവരുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.