കല്‍പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണപ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16ന് രാവിലെ പത്തിന് കലക്ടറേറ്റിലേക്ക് യുവജന മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ജൂലൈ 12ന് മുഖ്യമന്ത്രി മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടതാണ്. കല്‍പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയശേഷം പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ജനങ്ങളെ ആവേശഭരിതമാക്കാന്‍ മെഡിസിറ്റിയടക്കമാണ് വരുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആത്മാര്‍ഥതയില്ലാത്ത പ്രഖ്യാപനമായിരുന്നു ഇതെന്ന് ഇപ്പോള്‍ തെളിഞ്ഞു. നിര്‍ദിഷ്ട ഭൂമി കാടുമൂടി കിടക്കുകയാണ്. കോടികളുടെ മരം ഇവിടെനിന്ന് മുറിച്ചുമാറ്റിയതല്ലാതെ റോഡുപോലും വെട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് തറക്കല്ലിട്ടത്. വയനാടിനോടൊപ്പം മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച മറ്റു ജില്ലകളില്‍ കോളജും ആശുപത്രിയും പ്രവര്‍ത്തനം തുടങ്ങിയിട്ടും വയനാട്ടില്‍ ഒരു നടപടിയുമില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സ്വകാര്യ മെഡിക്കല്‍ ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ അവഗണിക്കുന്നത്. നേരത്തേ ജില്ലക്ക് അനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററിന്‍െറ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. റിയല്‍ എസ്റ്റേറ്റ്-സ്വകാര്യ ലോബിക്കുവേണ്ടി എം.പി ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികള്‍ പദ്ധതി അട്ടിമറിച്ചു. ഇവരുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് ശ്രീചിത്തിര നഷ്ടപ്പെടു ത്തിയത്. 2012ലെ ബജറ്റില്‍ വയനാടിനോടൊപ്പം പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, മഞ്ചേരി, കാസര്‍കോട് ജില്ലയിലെ ബദിയടുക്ക എന്നിവിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പുതുതായി മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളില്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടും വയനാട്ടില്‍ തറക്കല്ലിടലില്‍ ഒതുങ്ങുകയാണ്. ജില്ലയില്‍നിന്നും മന്ത്രിയുണ്ടായിട്ടും നേട്ടമുണ്ടായിട്ടില്ല. എം.എല്‍.എമാരും എം.പിയും കാലംകഴിച്ചതല്ലാതെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി പരിശ്രമിച്ചില്ല. ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ അനുദിനം ആളുകള്‍ മരിക്കുമ്പോഴാണിത്. ജില്ലാ ആശുപത്രിയടക്കമുള്ള ജില്ലയിലെ ആതുരാലയങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. ചികിത്സാ നിഷേധം പതിവാണ്. മന്ത്രിയുടെ അയല്‍വാസിയായ ആദിവാസി യുവതിയുടെ മൂന്നു നവജാത ശിശുക്കള്‍ പ്രസവാനന്തരം മരണപ്പെട്ടത് ഇതിന് തെളിവാണ്. മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവമുണ്ടായിട്ടും മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള നടപടികള്‍ ഇല്ലാത്തത് സര്‍ക്കാറിന്‍െറ വയനാടിനോടുള്ള അവഗണനയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമുയരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, പ്രസിഡന്‍റ് കെ.പി. ഷിജു, ട്രഷറര്‍ കെ. മുഹമ്മദലി, ജോ. സെക്രട്ടറിമാരായ വി. ഹാരിസ്, കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.