പൂക്കോട് തടാകത്തിലത്തൊം, മീന്‍ കഴിക്കാം

കല്‍പറ്റ: പൂക്കോട് തടാകത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ഇഷട്മുള്ള മീന്‍വിഭവങ്ങള്‍ കഴിക്കാം. ഫിഷറീസ് വകുപ്പിന്‍െറ ഏജന്‍സിയായ സാഫിന്‍െറ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘തീരമൈത്രി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തടാകക്കരയില്‍ സീഫുഡ് കിച്ചന്‍ ആരംഭിക്കുകയാണ്. വിവിധയിനം മത്സ്യവിഭവങ്ങള്‍ പാകം ചെയ്ത് വിനോദസഞ്ചാരികള്‍ക്ക് നല്‍കാനും പ്രാദേശിക ഭക്ഷണ സംസ്കാരം വിനിമയം ചെയ്യാനുമുദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൂക്കോട് തടാകം ഉള്‍പ്പെടുന്ന വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പുലരി കുടുംബശ്രീ അംഗങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഏക പട്ടികവര്‍ഗ കുടുംബശ്രീ യൂനിറ്റംഗങ്ങളായ ഇവര്‍ കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും മത്സ്യവിഭവ പാചകത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. തീരമൈത്രി പദ്ധതിയില്‍ കേരളത്തിലാദ്യമായാണ് ഉള്‍നാടന്‍ മത്സ്യമേഖലയില്‍ സീഫുഡ് കിച്ചന്‍ ആരംഭിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങള്‍ മുഖേനയും മത്സ്യകര്‍ഷകര്‍ മുഖേനയും ലഭിക്കുന്ന മത്സ്യങ്ങളുപയോഗിച്ച് നിര്‍മിക്കുന്ന വിവിധ മൂല്യവര്‍ധിത മത്സ്യോല്‍പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കേരളീയരുടെ ഇഷ്ടവിഭവമായ കപ്പയും മീനും വിവിധ രുചിക്കൂട്ടുകളില്‍ ഇവിടെ ലഭിക്കും. ഫെബ്രുവരി ഏഴിന് രാവിലെ 10ന് പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി സീഫുഡ് കിച്ചന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി ശീറാം സാംബശിവറാവു, സാഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.ആര്‍. സത്യവതി എന്നിവര്‍ സംബന്ധിക്കും. വൈത്തിരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞമ്മദ്കുട്ടി, പി.പി. അബു, സലീം മേമന, എം.വി. ബാബു, സി.പി. അഷറഫ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന്‍െറ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ടി. ഉഷാകുമാരി (ചെയര്‍.), ബഷീര്‍ പൂക്കോടന്‍, സുമചന്ദ്രന്‍ (വൈ. ചെയര്‍.), ബി.കെ. സുധീര്‍കിഷന്‍ (കണ്‍.), സി.ബി. ഷിനോജ്കുമാര്‍, സെബിന്‍ ജോസ് (ജോ. കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.