ജില്ലാ ആശുപത്രി ദൈനംദിന പ്രവര്‍ത്തനം അവതാളത്തില്‍

മാനന്തവാടി: ആശുപത്രി മാനേജിങ് കമ്മിറ്റി രൂപവത്കരണം വൈകുന്നതുമൂലം ജില്ലാ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ജില്ലാ പഞ്ചായത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നതിനുശേഷം മാനേജിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും മുന്നണികളിലെ തര്‍ക്കംമൂലം നടപടി ക്രമങ്ങള്‍ ഇഴയുകയാണ്. ഏറ്റവും ഒടുവില്‍ 2015 ഒക്ടോബര്‍ ഒന്നിനാണ് ഒൗദ്യോഗികമായി എച്ച്.എം.സി യോഗം ചേര്‍ന്നത്. പിന്നീട് തെരഞ്ഞെടുപ്പ് വന്നതോടെ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ടി. ഉഷാകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായതിനുശേഷം അനൗപചാരികമായി രണ്ടുതവണ യോഗം ചേര്‍ന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. 24 പേരാണ് എച്ച്.എം.സിയിലെ അംഗങ്ങള്‍. പാര്‍ലമെന്‍റിലും നിയമസഭയിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ജില്ലാ പഞ്ചായത്തിന് നിയമിക്കാനാകും. മൂന്നു പൊതുപ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സ്ഥലം വാര്‍ഡ് മെംബര്‍, നഗരസഭാ ചെയര്‍മാന്‍ എന്നിവരും വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ഡി.എം.ഒ, ഡി.പി.എം എന്നിവര്‍ എക്സ് ഒഫിഷ്യോ അംഗങ്ങളുമായതാണ് മാനേജിങ് കമ്മിറ്റി. എച്ച്.എം.സി നിയമിച്ച ജീവനക്കാര്‍ ആദിവാസികള്‍ക്ക് മരുന്നുവാങ്ങിയതിന്‍െറ തുക, എക്സ്റേ ലാബ് തുടങ്ങിയവക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുക ഇതിന്‍െറയെല്ലാം ചുമതല എച്ച്.എം.സിക്കാണ്. കൂടാതെ, ആശുപത്രി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കിലും എച്ച്.എം.സി നിര്‍ണായക ഘടകമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി എച്ച്.എം.സി രൂപവത്കരിക്കാന്‍ അധികൃതര്‍ തയാറാവണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.