മാവോയിസ്റ്റ് ആശയ പ്രചാരണ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ നീക്കം

മാനന്തവാടി: മാവോവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനത്ത് ആശയപ്രചാരണം നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ പൊലീസിന്‍െറ ആസൂത്രിത നീക്കം. നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ടവരുടെ പക്കല്‍നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ ഈ സംഘടനകള്‍ തങ്ങളുടെ പോഷകസംഘടനകളാണെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പ്രചാരണം. ചില മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം നീക്കം പൊലീസ് നടത്തുന്നത്. പോരാട്ടം, ഞാറ്റുവേല, പാഠാന്തരം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആര്‍.ഡി.എഫ്, രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള (സി.ആര്‍.പി.പി) സര്‍ഫാസി വിരുദ്ധ സമിതി, സൈനിക അടിച്ചമര്‍ത്തല്‍ വിരുദ്ധ സമിതി എന്നിവയാണ് ജനകീയ സമിതികളും പൊതുസമിതികളും എന്ന പേരില്‍ പോഷകസംഘടനകളായി പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. മാവോവാദികള്‍ ഒളിവില്‍ കഴിഞ്ഞ് പോരാട്ടവും ആശയപ്രചാരണങ്ങളും നടത്തുമ്പോള്‍ മേല്‍ സംഘടനകള്‍ പരസ്യമായ പ്രചാരണപ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് നടത്തുന്നത്. വയനാടുപോലുള്ള ജില്ലകളില്‍ കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തപ്പോള്‍ പോരാട്ടം പ്രവര്‍ത്തകരാണ് ബ്ളേഡ് മാഫിയക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത്. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തിനടപടികളുമായി രംഗത്തുവന്നപ്പോള്‍ ബാങ്കുകള്‍ക്കെതിരെ പോര്‍മുഖം തുറന്ന് രംഗത്തുവന്നത് പോരാട്ടവും സര്‍ഫാസി വിരുദ്ധ സമിതിയുമായിരുന്നു. ഇതിനെല്ലാം ജനങ്ങളില്‍ നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ നിയമസഭ കാലത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിച്ചപ്പോഴും സംഘടനാ ഭാരവാഹികളുടെ ഫോണ്‍നമ്പറും പേരും നല്‍കാന്‍ പോരാട്ടം തയാറായി. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്നത്. വിഷയത്തില്‍ മുന്‍ സര്‍ക്കാറിനെക്കാള്‍ കര്‍ക്കശ നിലപാടാണ് പുതിയ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പുതിയ നീക്കങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.