ചുള്ളിക്കാട് കോളനിക്കാര്‍ വനഭൂമിയില്‍ കുടില്‍ കെട്ടാനൊരുങ്ങുന്നു

പുല്‍പള്ളി: വന്യജീവി ശല്യത്താല്‍ ദുരിതമനുഭവിക്കുന്ന പുല്‍പള്ളി ചുള്ളിക്കാട് കോളനിക്കാരുടെ പുനരധിവാസം യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ വനഭൂമി കൈയേറി കുടില്‍ കെട്ടാനൊരുങ്ങുന്നു. പതിറ്റാണ്ടുകളായി വനമധ്യത്തിലെ ഭൂമിയിലാണ് 12 ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത്. 12 കുടുംബങ്ങളിലായി 40ഓളം ആളുകളുണ്ട്. ഇതില്‍ വയോജനങ്ങളും കുട്ടികളും രോഗികളും ഉള്‍പ്പെടുന്നു. ഏറെക്കാലമായി തങ്ങളെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് കോളനികാര്‍ പറയുന്നു. എന്നാല്‍, മാറ്റിപ്പാര്‍പ്പിക്കുന്നതിനു പകരം കോളനിയില്‍തന്നെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഇതിന്‍െറ ഭാഗമായി ആവശ്യപ്പെടാതെതന്നെ ചിലര്‍ക്ക് പുതിയ വീടുകള്‍ അനുവദിച്ചു. കൊടും വനത്തിലൂടെ ഇന്‍റര്‍ലോക് പതിച്ച റോഡ് നിര്‍മിക്കാനുള്ള നീക്കവും നടക്കുന്നു. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ഇവരുടെ പരിദേവനങ്ങള്‍ ആരും കേള്‍ക്കുന്നില്ല. ആനയടക്കമുള്ള വന്യജീവികള്‍മൂലം രാവും പകലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങള്‍. സമീപകാലത്ത് രണ്ട് കോളനിവാസികള്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വന്യജീവി ശല്യത്തോടൊപ്പം അന്തരീക്ഷ മലിനീകരണവും ഇവരില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കോളനിയോട് ചേര്‍ന്നാണ് പുല്‍പള്ളി പഞ്ചായത്തിന്‍െറ മാലിന്യ നിക്ഷേപ കേന്ദ്രം. ഇവിടെ പ്ളാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ കത്തിക്കുന്നത് ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ദുര്‍ഗന്ധവും ഇവരെ അലട്ടുന്നു. ഈ ഭൂമിയോട് ചേര്‍ന്നാണ് പഞ്ചായത്തിന്‍െറ ശ്മശാനവും. വന്യജീവിശല്യത്തെ അതിജീവിച്ചാണ് കുട്ടികള്‍ സ്കൂളുകളിലത്തെുന്നത്. വേലിയമ്പത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ നടന്നുവേണം കോളനിയിലത്തൊന്‍. കൂലിപ്പണിയെ ആശ്രയിച്ചാണ് കുടുംബങ്ങളുടെ ഉപജീവനം. രാവിലെയും വൈകീട്ടും കുട്ടികളെ സ്കൂളിലത്തെിക്കാന്‍ വനാതിര്‍ത്തി വരെ കൊണ്ടുവിടുന്നത് രക്ഷിതാക്കളാണ്. വൈകീട്ട് കുട്ടികളെ തിരികെ കൊണ്ടുവരുന്നതും രക്ഷിതാക്കള്‍തന്നെയാണ്. ആനശല്യംമൂലം പലരും പഠനം നിര്‍ത്തി. ഇക്കാരണത്താല്‍ ഉന്നത വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവര്‍ക്ക് മാര്‍ഗമില്ലാതാവുകയാണ്. കൂലിപ്പണിക്കാര്‍ മിക്ക ദിവസങ്ങളിലും ആനയുടെ മുന്നില്‍ പെടുന്നത് പതിവാണ്. ഉള്‍വനത്തിലായതിനാല്‍ വൈദ്യുതിയും ഇവര്‍ക്ക് കിട്ടാക്കനിയാണ്. രണ്ട് സോളാര്‍ പാനലുകള്‍ ഇവര്‍ക്കായി സ്ഥാപിച്ചെങ്കിലും ദിവസങ്ങള്‍ക്കകംതന്നെ ഇത് കേടായി. കാട്ടുനായിക്ക വിഭാഗത്തില്‍പെട്ട കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. രണ്ട് കോളനികളിലായി ആറു കുടുംബങ്ങള്‍ വീതമാണുള്ളത്. കൊടും വനത്തിലൂടെ് ഇവര്‍ നടന്നാണ് പണിക്കും മറ്റും പോകുന്നത്. മഴക്കാലമായാല്‍ റോഡാകെ ചളിക്കളമാകുന്നു. പകല്‍ സമയത്തുപോലും ഇവിടേക്ക് വാഹനങ്ങള്‍ വിളിച്ചാല്‍ വരാറില്ല. കാട്ടാനശല്യം ഭയന്നാണിത്. ആനക്കൂട്ടങ്ങള്‍ വഴിയില്‍ പതിവുകാഴ്ചയാണ്. ഏതാനും ദിവസം മുമ്പ് കണ്ടമലക്കടുത്ത് വനംവകുപ്പിന്‍െറ ജീപ്പ് കാട്ടാന തകര്‍ത്തിരുന്നു. രോഗികളടക്കം ഇവിടെ ദുരിതത്തിലാണ്. റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ പോലും ആനശല്യം ഭയന്ന് പലപ്പോഴും പോകാന്‍ പറ്റാത്ത നിലയിലാണ് ഇവര്‍. വന്യജീവി ശല്യംമൂലം പൊറുതി മുട്ടിയിരിക്കുന്ന കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിക്കണമെന്നാണ് ആവശ്യം. ഇവര്‍ക്കായി ചില സംഘടനകള്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഒന്നും നടപ്പായില്ല. ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന കണ്ടാമല കൊല്ലിവര ഭാഗങ്ങളിലെ വനഭൂമിയില്‍ കുടില്‍കെട്ടി താമസമാരംഭിക്കാനാണ് ഇവരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.