അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു; വെള്ളമുണ്ട മുസ്ലിം ലീഗില്‍ മഞ്ഞുരുക്കം

വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിം ലീഗിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി നേതൃത്വത്തിന്‍െറ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ടി. നാസര്‍ ചെയര്‍മാനും പി.കെ. അമീന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രൂപവത്കരിക്കുന്നതിന്‍െറ മുന്നോടിയായാണ് ഇരുപക്ഷത്തെയും ഒരുമിച്ചിരുത്തി രണ്ട് പക്ഷത്തുനിന്നും ആളെ എടുത്ത് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഭാരവാഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മെംബര്‍ഷിപ് കാമ്പയിന്‍ ഭംഗിയായി പൂര്‍ത്തീകരിക്കുക എന്നതാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യം. മുന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ലീഗിന് ഭരണം നഷ്ടമാകുന്ന തലത്തിലേക്ക് വരെ എത്തിച്ചിരുന്നു. ലീഗിലെ പി. മുഹമ്മദ് പക്ഷം ഇടതുപക്ഷ പിന്തുണയോടെ ഭരണം പിടിച്ചെടുത്തിരുന്നു. ഇതോടെ പാര്‍ട്ടിക്കകത്തെ ഗ്രൂപ്പിസം മറനീക്കുകയായിരുന്നു. തുടര്‍ന്ന് പി. മുഹമ്മദിനെയും മറ്റ് ഏഴ് പ്രവര്‍ത്തകരെയും അന്വേഷണ വിധേയമായി ലീഗ് പുറത്താക്കിയിരുന്നു. ഇടക്കാലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പു വന്നതോടെ പുറത്താക്കിയവരെ നേതൃത്വം ഇടപ്പെട്ട് തിരിച്ചെടുക്കുകയും ഒന്നിച്ച് നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ ഈ നീക്കം ഉപകരിച്ചെങ്കിലും അകത്തെ വിഭാഗീയത അപ്പോഴും നിലനിന്നിരുന്നു. തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ. ജയലക്ഷ്മിക്ക് വെള്ളമുണ്ട പഞ്ചായത്തില്‍ വോട്ട് കുറയാനടക്കം ഇത് കാരണമായി. ഏറ്റവും ഒടുവില്‍ പഞ്ചായത്ത് യൂത്ത് ലീഗ് തെരഞ്ഞെടുപ്പില്‍ പി. മുഹമ്മദ് പക്ഷം മുന്നിട്ട് വന്നതും ഒൗദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി. ഇനി നടക്കാനുള്ള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ട് പോകാന്‍ ഇരുപക്ഷവും ഒന്നിച്ച് പോകേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍നിന്നാണ് അനുരഞ്ജന ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്‍െറ മുന്നോടിയായാണ് ജില്ലാ നേതൃത്വം ഇടപെട്ട് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചത്. സെപ്റ്റംബര്‍ മാസത്തിലാണ് മെംബര്‍ഷിപ് കാമ്പയിന്‍ നടക്കുക. ഒക്ടോബറില്‍ പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.