തെരുവുനായ് നിയന്ത്രണം പാളി വയനാട് ഭീതിയില്‍

വൈത്തിരി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റിയിലും തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് ആവിഷ്കരിച്ച പദ്ധതികള്‍ പാളിയതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ നായ് ശല്യം അതിരൂക്ഷമായി തുടരുന്നു. വര്‍ഷത്തിനുള്ളില്‍ നിരവധി പേര്‍ക്കാണ് ഇവയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. വൈത്തിരി, കല്‍പറ്റ, പൊഴുതന, തരിയോട്, കോട്ടത്തറ തുടങ്ങിയ മലയോരത്തിന്‍െറ മിക്ക ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതായി പരാതിയുണ്ട്. മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലാത്തതും ഇറച്ചി മാലിന്യങ്ങള്‍ റോഡരികുകളില്‍ തള്ളുന്നതുമാണ് ഇത്രത്തോളം പ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. രാപകല്‍ ഭേദമന്യേ കൂട്ടമായി എത്തുന്ന തെരുവുനായ്കള്‍ വഴിയാത്രക്കാരെയും സ്കൂള്‍ കുട്ടികളെയും ആക്രമിക്കുന്നതും പതിവാണ്. മിക്കയിടത്തും പശുക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ നായ്ക്കള്‍ ആക്രമിച്ച് കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമായിട്ടുണ്ട്. പേപ്പട്ടി കടിച്ച പശു പേയിളകി ചത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ജില്ലയില്‍ തെരുവുനായ് പ്രജനന നിയന്ത്രണപദ്ധതികള്‍ നടപ്പാക്കാന്‍ ആരംഭിച്ചിരുന്നു. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭയുടെയും ധനസഹായത്തോടെ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്. എന്നാല്‍, അതിനുശേഷം തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. ജില്ലയില്‍ ആവശ്യമായ പട്ടിപിടിത്തകാരില്ലാത്തതും മറ്റു ജില്ലകളില്‍നിന്ന് വിദഗ്ധരെ എത്തിക്കാനുള്ള ബുദ്ധിമുട്ടുമാണ് പഞ്ചായത്ത് ഭരണസമിതികള്‍ക്ക് തടസ്സമായി മാറുന്നത്. മൃഗാശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയാല്‍തന്നെ നാലഞ്ച് ദിവസം ഇവിടെതന്നെ സൂക്ഷിക്കണം. ജില്ലയില്‍ സ്ഥിരം തസ്തികയിലായി നിരവധി മൃഗഡോക്ടര്‍മാരുടെ ഒഴിവുള്ളതും വന്ധ്യകരണവുമായി മുന്നോട്ട് പോവുന്നതിന് തിരിച്ചടിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.