ഇത് തൊഴുത്തോ..? തരിയോട് ഗവ. ഹൈസ്കൂള്‍ ശോച്യാവസ്ഥയില്‍

മാനന്തവാടി: സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് കേന്ദ്രങ്ങളായി മാറുന്ന കാലത്ത് അതിനപവാദമായി ഒരു വിദ്യാലയം. തരിയോട് ഗവ. ഹൈസ്കൂളാണ് തൊഴുത്തിന് സമാനമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ആറുപതിറ്റാണ്ട് പിന്നിടുമ്പോഴും സ്കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങളില്ല. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന വിദ്യാലയത്തില്‍ ജീവനക്കാര്‍ക്ക് ഇരിക്കാന്‍ നല്ല മുറികളില്ല. ശൗചാലയങ്ങളുടെ അപര്യാപ്തത വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. യു.പി, ഹൈസ്കൂള്‍ കെട്ടിടങ്ങള്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ചു. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് കുട്ടികളെ വിടാന്‍ രക്ഷിതാക്കളും മടിക്കുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരക്ക് കീഴില്‍, വിണ്ടുകീറിയ ഭിത്തികള്‍ക്കിടയില്‍ അപകടകരമായ അവസ്ഥയിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. പഠിക്കുന്നവരില്‍ നാല്‍പതു ശതമാനം പട്ടികവര്‍ഗവും മറ്റ് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാരും ത്രിതല പഞ്ചായത്തും നല്‍കുന്ന ഫണ്ടുകള്‍ ഈ വിദ്യാലയത്തിന് മാത്രം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95 ശതമാനമായിരുന്നു വിജയം. മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.