അസൗകര്യങ്ങളില്‍ ശ്വാസംമുട്ടി ബത്തേരി താലൂക്ക് ലൈബ്രറി

സുല്‍ത്താന്‍ ബത്തേരി: വാടകക്കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ബത്തേരി താലൂക്ക് റഫറന്‍സ് ലൈബ്രറി. ബത്തേരി മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ഇതുവരെ സ്ഥലം വാങ്ങുന്നതിനോ കെട്ടിടം നിര്‍മിക്കുന്നതിനോ സാധിച്ചില്ല. പുസ്തകങ്ങളും പത്രങ്ങളും സൂക്ഷിക്കുന്നതിന് മതിയായ സ്ഥലമില്ല. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി നല്ലരീതിയില്‍ ലൈബ്രറി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സ്ഥലപരിമിതിമൂലം പല പരിപാടികളും നടത്താനാവുന്നില്ല. ചെറിയ ഫീസ് മാത്രം വാങ്ങി നിരവധി വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് ഇരുന്നുപഠിക്കാന്‍ ഇവിടെ സ്ഥലമില്ല. ലൈബ്രറിയില്‍ 500 അംഗങ്ങളും ഏഴായിരം പുസ്തകങ്ങളുമുണ്ട്. 2009ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. റീഡത്തോണ്‍, സര്‍ഗവേദി, പുസ്തക ചര്‍ച്ച, പുസ്തകത്തൊട്ടില്‍, ക്വിസ് മത്സരം, സെമിനാറുകള്‍, വീട്ടുമുറ്റ വായനക്കൂട്ടം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലൈബ്രറി നടത്തുന്നുണ്ട്. കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ലഭിക്കുന്നതിന് പലരെയും സമീപിച്ചെങ്കിലും നടപടിയായില്ല. നിരവധി കോളജുകളില്‍നിന്നും സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ പുസ്തകമെടുക്കുന്നതിന് എത്തുന്നുണ്ട്. ചീരാല്‍, അമ്പലവയല്‍, പൂതാടി, ചെതലയം, കല്ലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലുള്ളവരും ഇവിടെ അംഗങ്ങളാണ്. മതിയായ സൗകര്യങ്ങളില്ലാത്തത് ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.