മാനന്തവാടി: നീണ്ടകാലത്തെ മുറവിളികള്‍ക്കൊടുവില്‍ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറങ്ങി ആറുമാസമായിട്ടും ജില്ലയിലെ അരിവാള്‍ രോഗികള്‍ക്ക് തുക ലഭിച്ചില്ല. 14/2016 നമ്പര്‍ ഉത്തരവ് 2016 ഫെബ്രുവരി 15നാണ് പുറത്തിറക്കിയത്. സാമൂഹിക സുരക്ഷാ മിഷന്‍ വഴി പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. മുമ്പ് ആദിവാസികളായ രോഗികള്‍ക്ക് മാത്രമായി 1000 രൂപ വീതം പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് എല്ലാ അരിവാള്‍ രോഗികള്‍ക്കും പെന്‍ഷന്‍ പ്രഖ്യാപിച്ചത്. ജില്ലയില്‍ ആയിരത്തോളം അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ആദിവാസികളിലും ചെട്ടി സമുദായത്തില്‍പെട്ടവരിലുമാണ് ഈ രോഗം കണ്ടുവരുന്നത്. ആദിവാസി വിഭാഗത്തില്‍ പതിനഞ്ച് ശതമാനവും ചെട്ടി സമുദായത്തില്‍പെട്ട ഇരുപത്തഞ്ച് ശതമാനവും പേര്‍ അരിവാള്‍ രോഗികളാണ്. ജനിതകരോഗമായതിനാല്‍ പാരമ്പര്യമായി രോഗികളാകുന്ന അവസ്ഥയാണ്. ഇതുമൂലം ഈ സമുദായങ്ങള്‍ കാലക്രമേണ നാമാവശേഷമാകുമെന്ന ആശങ്കയുമുണ്ട്. കൃത്യമായ ചികിത്സ ലഭ്യമാക്കിയാല്‍ ഇവരുടെ രോഗാവസ്ഥക്ക് നേരിയ ശമനമുണ്ടാകും. എന്നാല്‍, മാനന്തവാടി ജില്ലാ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഇവര്‍ക്കായി പണികഴിപ്പിച്ച വാര്‍ഡുകള്‍ ജീവനക്കാര്‍ കൈയടക്കി വെച്ചിരിക്കുകയാണ്. ഈ വാര്‍ഡുകള്‍ ഇവര്‍ക്കായി വിട്ടുനല്‍കി ചികിത്സാ സൗകര്യം ഒരുക്കിയാല്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.