ആദിവാസി അവകാശ സംരക്ഷണത്തില്‍ ജാഗ്രത പാലിക്കണം –ദേശീയ മനുഷ്യാവകാശ കമീഷന്‍

കല്‍പറ്റ: വയനാട്ടിലെ അവിവാഹിത അമ്മമാരും ആദിവാസികളും നേരിടുന്ന പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫിന്‍െറ നേതൃത്വത്തിലുള്ള സംഘം ജില്ലയിലത്തെി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഡോ. സഞ്ജയ് ദുബെ, ഡയറക്ടര്‍ ഇന്ദ്രജിത് കുമാര്‍, അസി. രജിസ്ട്രാര്‍ മഹാബീര്‍ സിങ് എന്നിവരാണ് സംഘത്തിലുള്ളത്. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുതലയോഗത്തില്‍ ആദിവാസികളുടെ ജീവിത പുരോഗതിക്കും അവകാശ സംരക്ഷണത്തിനും ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കമീഷന്‍ ആരാഞ്ഞു. അവിവാഹിത അമ്മമാരുടെ പഞ്ചായത്ത് തലത്തിലുള്ള കണക്കുകളും ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നതിനുള്ള കാരണങ്ങളും കമീഷന്‍ വകുപ്പുതല ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. വാളാരംകുന്നില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ നടന്ന പീഡനങ്ങളെക്കുറിച്ചും കമീഷന്‍ അന്വേഷിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും പരാതി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായും കലക്ടര്‍ അറിയിച്ചു. ആദിവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരം തേടി. പലപ്പോഴും ചൂഷണം നടന്നാലും ഇവര്‍ പുറംലോകത്തെ അറിയിക്കാനോ പരാതി നല്‍കാനോ തയാറാവുന്നില്ളെന്നത് നടപടികളെടുക്കുന്നതിന് തടസ്സമാകുന്നുണ്ട്. പുറമെനിന്ന് എത്തുന്നവര്‍ കോളനികളില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ചൂഷണം ചെയ്താലും ഇവര്‍ക്ക് പരാതിപ്പെടാന്‍ ഭയമാണെന്നും സ്വാധീനത്തിന് വഴങ്ങി, കേസ് കൊടുക്കുന്നതില്‍നിന്ന് ആദിവാസികള്‍ പിന്‍വാങ്ങുന്നത് പതിവാണെന്നും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ പറഞ്ഞു. വയസ്സ് തികയാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ഒട്ടേറെ ആദിവാസി യുവാക്കള്‍ പോക്സോ നിയമപ്രകാരം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. ഇവരെ ജാമ്യത്തിലെടുക്കാന്‍പോലും ആളില്ലാത്ത അവസ്ഥയാണുള്ളതെന്നും കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്സ് കമീഷനെ ധരിപ്പിച്ചു. ഇത്തരം നടപടികള്‍ക്കെതിരെ ജില്ലയില്‍ പല സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ആദിവാസികള്‍ക്കിടയില്‍ 311 അവിവാഹിത അമ്മമാരാണ് സര്‍ക്കാറിന്‍െറ കണക്കുകളിലുള്ളത്. ഇവര്‍ക്കിടയില്‍ 75 പേര്‍ക്ക് മാത്രമാണ് സാമൂഹിക സുരക്ഷാ മിഷന്‍െറ സ്നേഹ സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്ക് എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കുന്നില്ല എന്നതിന് വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ 10ന് കലക്ടറേറ്റില്‍ ചേരുന്ന രണ്ടാംദിവസ യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസി ക്ഷേമ മേഖലയില്‍ തയാറാക്കിയ പദ്ധതികളുടെയും ചെലവഴിച്ച ഫണ്ടുകളുടെയും കണക്കുകള്‍ സഹിതം ഹാജരാകാന്‍ കമീഷന്‍ നിര്‍ദേശം നല്‍കി. കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യന്‍ സ്കൂള്‍, കുട്ടികളുടെ ഹോസ്റ്റല്‍, പനമരം പഞ്ചായത്തിലെ പടിഞ്ഞാറെ വീട് പണിയ കോളനി എന്നിവിടങ്ങളിലും കമീഷന്‍ സന്ദര്‍ശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.