കല്‍പറ്റ: മാനന്തവാടി ടൗണിലുള്ള ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജില്ലയെ ലഹരി മുക്തമാക്കാനും ആദിവാസി ഗോത്രമഹാസഭ, വിമന്‍സ് വോയ്സ്, എസ്.സി, എസ്.ടി കോഓഡിനേഷന്‍, മദ്യനിരോധന സമിതി, നാഷനല്‍ അലയന്‍സ് ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍സ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് ഒമ്പതിന് പത്തുമണി മുതല്‍ ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകതലത്തില്‍ ആദിവാസി സംരക്ഷണത്തിനായി നിലനില്‍ക്കുന്ന കരാറുകളും നിയമങ്ങളും മാനിക്കാത്ത സര്‍ക്കാര്‍ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും അന്തിയുറങ്ങാനുള്ള പാര്‍പ്പിടവും തൊഴിലും വിദ്യാഭ്യാസവും ചികിത്സാസൗകര്യങ്ങളും നല്‍കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ ആദിവാസി യുവതികള്‍ പെരുവഴിയില്‍ പ്രസവിക്കുന്ന ജില്ല എന്ന കുപ്രസിദ്ധി വയനാടിന് മാത്രമുള്ളതാണ്. എന്നാല്‍, ആദിവാസികള്‍ക്ക് മദ്യം വിളമ്പാനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നു. 200 ദിവസമായിട്ടും ആദിവാസി അമ്മമാര്‍ നടത്തുന്ന പ്രക്ഷോഭം മാനിച്ച് ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ അധികാരികള്‍ തയാറായിട്ടില്ല. മാത്രമല്ല, സമരത്തെ തകര്‍ക്കാന്‍ സമരരംഗത്തുള്ളവരെ കള്ളക്കേസില്‍ പെടുത്തുകയും ദ്രോഹിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വയനാടിനെ മദ്യ-ലഹരി മുക്തമാക്കാന്‍ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും അടിയന്തര നടപടി സ്വീകരിക്കണം. മാനന്തവാടിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടുകയും സമരരംഗത്തുള്ള ആദിവാസി അമ്മമാര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കുകയും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കെതിരെ എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കുകയും വേണം. മദ്യവിരുദ്ധ ബോധവത്കരണം നടത്താന്‍ വനിതാ വളന്‍റിയര്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. എസ്.സി, എസ്.ടി കോഓഡിനേഷന്‍ സെക്രട്ടറി എന്‍. മണിയപ്പന്‍, ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍, എന്‍.എ.ഡി.ഒ കണ്‍വീനര്‍ രാധാകൃഷ്ണന്‍, മാക്ക പയ്യമ്പള്ളി, സുലോചന രാമകൃഷ്ണന്‍, രമേശന്‍ കൊയാലിപുര, നാരായണന്‍ മന്മദന്‍പാളി, കെ.കെ. മുജീബ് റഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.