ആദിവാസി അമ്മമാര്‍: കണക്കില്‍ വ്യക്തത ഇല്ലാതെ വകുപ്പുകള്‍

മാനന്തവാടി: അവിവാഹിതരായ അമ്മമാരുടെ കണക്കില്‍ കൃത്യത ഇല്ലാതെ വകുപ്പുകള്‍. സാമൂഹിക നീതി വകുപ്പ് അങ്കണവാടി വര്‍ക്കര്‍മാരുടെ സഹായത്തോടെയും പഞ്ചായത്തുകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെയുമാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും അവിവാഹിത അമ്മമാര്‍ ഉണ്ടെന്ന് കണക്കാക്കുന്ന തിരുനെല്ലി പഞ്ചായത്തില്‍ 36 പേര്‍ മാത്രമേ ഉള്ളൂവെന്നാണ് സാമൂഹിക നീതി വകുപ്പിന്‍െറ കണക്ക്. എന്നാല്‍, പഞ്ചായത്ത് കണക്ക് 134 പേര്‍ ഉണ്ടെന്നാണ്. സാമൂഹിക നീതി വകുപ്പ് കഴിഞ്ഞ നവംബര്‍ മാസം ശേഖരിച്ച കണക്കാണിത്. ഇതനുസരിച്ച് തവിഞ്ഞാലില്‍ 19 പേരും മാനന്തവാടിയില്‍ 25 പേരും ഉണ്ട്. പഞ്ചായത്ത് കണക്കുകള്‍ ഇതിന്‍െറ ഇരട്ടിയോളം വരും. ആദിവാസി വിഭാഗത്തിലാണ് കൂടുതല്‍ അവിവാഹിത അമ്മമാരുള്ളതെന്ന് ഇരുകണക്കുകളും ശരിവെക്കുന്നുണ്ട്. ഇവരുടെ കണക്കെടുപ്പിന് പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് കണക്കുകളില്‍ അന്തരം ഉണ്ടാകുന്നതെന്ന് സാമൂഹിക നീതി വകുപ്പിലെ ജീവനക്കാര്‍ പറയുന്നു. ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ കുറെക്കാലം ഒന്നിച്ച് താമസിക്കും. പിന്നീട് ബന്ധം ഉപേക്ഷിച്ച് മാറിത്താമസിക്കും. ഇവര്‍ പിന്നീട് മറ്റൊരാളെ വിവാഹംചെയ്ത് താമസിക്കും. മാറിത്താമസിക്കുന്ന സമയത്ത് കണക്കെടുക്കുമ്പോള്‍ അവിവാഹിതരായ അമ്മമാരുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. ഇതാണ് കണക്കുകളില്‍ അന്തരമുണ്ടാകാന്‍ കാരണം. പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ഇതുമൂലം അര്‍ഹത ഇല്ലാത്തവരുടെ കൈകളില്‍ എത്തിപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. വ്യക്തമായ മാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തിയാലേ വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ. ജില്ലയില്‍ നൂല്‍പ്പുഴപോലുള്ള പഞ്ചായത്തുകളിലും നിരവധി ആദിവാസി അവിവാഹിത അമ്മമാര്‍ ഉണ്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.